ലഖ്നൗ : റോഡ് അറ്റകുറ്റപ്പണിയില്‍ കോണ്ട്രാക്ടര് കമ്മീഷന് നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയുടെ ആളുകള്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചതായി പരാതി. സംഭവത്തില്‍ കുറ്റക്കാരായവരില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
ഷാജഹാന്‍പൂരില്‍ നിന്നും ബുദാനിലേക്കുള്ള റോഡില്‍ പൊതുമരാമത്തു വകുപ്പ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പരാതിക്ക് ആസ്പദമായത്. കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജരുടെ പരാതിയില്‍ 15-20 ഓളം പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കത്രയിലെ ബിജെപി എംഎല്‍എ വീര്‍ വിക്രം സിങ്ങിന്റെ അനുയായികളാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. എംഎല്‍എയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് ജഗ് വീര്‍ സിങ് എന്നയാള്‍ കമ്പനിയില്‍ നിരവധി തവണ വന്നു. റോഡു പണിയുമായി ബന്ധപ്പെട്ട് അഞ്ചുശതമാനം കമ്മീഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ കമ്മീഷന് നല്കാന് കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് അര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.