ദൈവത്തിന്റെ സ്വന്തം നാടിനു പ്രകൃതി കനിഞ്ഞു നൽകിയ വരദാനങ്ങളിൽ പ്രമുഖമാണ് അറബിക്കടൽ തീരത്തുള്ള വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ സാമീപ്യവും മദർഷിപ്പുകൾക്ക് പോലും അടുക്കാവുന്ന സാഹചര്യവുമുള്ള വിഴിഞ്ഞം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭാവി പുരോഗതിയിൽ നിർണായക ഈടാക്കാൻ പ്രഥമ സാധ്യതയുള്ള പദ്ധതിയാണ്.
തീരക്കടലിൽ തന്നെ 18 മുതൽ 20 മീറ്റർ വരെ ലഭ്യമാകുന്നതാണു് വിഴിഞ്ഞം തുറമുഖത്തിന്റെ ഏറ്റവും അനുകൂലമായ ഘടകം. ഏഷ്യയുടെ കണ്ടെയ്നർ ഹബ്ബായി പരിണമിക്കാൻ സാധ്യതയുള്ള ഈ പദ്ധതിയിലൂടെ രാജ്യത്തിനു ഇന്നലെകളിൽ ആർജിക്കാൻ കഴിയാതെപോയ കപ്പൽ ചരക്കുനീക്കത്തിലെ പ്രഥമ ഗണനീയ സ്ഥാനം തിരികെ പിടിക്കാൻ ആകും. ഇത്തരത്തിലുള്ള ഒരു ബൃഹത്ത് പദ്ധതിയിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ആഴമുള്ള തീരമുള്ള വിഴിഞ്ഞം കുറഞ്ഞ പാരിസ്ഥിതിക പ്രത്യാഘാതം മാത്രമാണ് സമ്മാനിക്കുന്നത്.
ട്രാൻഷിപ്മെന്റ് തുറമുഖത്തിന്റെ പ്രസക്തി
കപ്പലുകൾ നങ്കൂരമിട്ട് അതിൽ നിന്നും കണ്ടെയിനറുകൾ ഇറക്കി അവിടെ നിന്നും ചെറുകപ്പലിൽ ലക്ഷ്യസ്ഥാനത്തിന് അടുത്തുള്ള തുറമുഖത്ത് എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമായ പ്രക്രിയയാണ് ട്രാൻഷിപ്മെന്റ് . ഇന്ത്യയിൽ നിലവിൽ ഇത്തരത്തിലുള്ള ട്രാൻഷിപ്പ്മെന്റ് തുറമുഖം ഇല്ല. അതുകൊണ്ടു തന്നെ നാം സമീപ രാജ്യങ്ങളിലെ കൊളംബോ, സലാല, സിംഗപ്പൂർ തുറമുഖങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. രാജ്യത്തിനു ഗണ്യമായ വിദേശ നാണ്യ നഷ്ടമാണ് ഈ പ്രക്രിയ വഴി ഉണ്ടാകുന്നത്. ഈ കുറവാണ് വിഴിഞ്ഞത്തിലൂടെ രാജ്യത്തിനു നികത്താൻ ആകുക.
ഇന്ത്യൻ കണ്ടെയ്നർ ഗതാഗതം കൂടുതലായി ആശ്രയിക്കുന്നത് മദർ ഷിപ്പുകൾ കൈകാര്യം ചെയ്യുന്ന രണ്ടു ശ്രീലങ്കൻ ട്രാൻഷിപ്പ്മെന്റ് പോർട്ടുകളെയാണ് . ട്രാൻഷിപ്പ്മെന്റ് പോർട്ടുകൾ ഒരു രാജ്യത്തിന്റെ സാമ്പത്തീക അടിത്തറക്ക് ഇന്ധനമാകുന്നതിന്റേയും വികസനത്തിന് നാന്ദിയാകുന്നതിന്റെയും ഉദാഹരണങ്ങൾ സിംഗപ്പൂർ , ദുബായ് തുറമുഖങ്ങൾ ഈ ലോകത്തിനു കാട്ടിക്കൊടുത്തതാണ്. ലോകത്തെ ഏറ്റവുമധികം ചരക്കുനീക്കം നടക്കുന്ന സമുദ്രങ്ങളിലൂടെയാണ് എന്നത് കണക്കിലെടുക്കുമ്പോൾ വിഴിഞ്ഞം ട്രാൻഷിപ്പ്മെന്റ് പോർട്ടിലൂടെ ഇന്ത്യക്ക് കൈവരുന്ന നേട്ടങ്ങൾ ചെറുതാകില്ല. ഇത് ഭാവിയിൽ വൻസാമ്പത്തീക ശക്തിയായി മാറുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അടിത്തറയാകും.
ആഴം പ്രധാന സവിശേഷത
തുറമുഖ വികസനത്തിന് ഇത്രയും പ്രകൃതിദത്തമായ സൗകര്യങ്ങൾ ഒത്തിണങ്ങിയ മറ്റൊരിടം ഇന്ത്യയിൽ ഇല്ല. ഏറ്റവുമധികം കേവുഭാരമുള്ള കപ്പലിനുപോലും അനായാസം നങ്കൂരമിടാൻ കഴിയും വിധം 18 മുതൽ 20 മീറ്റർ വരെയാണ് വിഴിഞ്ഞത്തെ ആഴം. അതിനാൽ തന്നെ തുറമുഖപരിപാലനത്തിന്റെ ഭാഗമായി വർഷാവർഷം വേണ്ടി വരുന്ന മണ്ണുനീക്കൽ വിഴിഞ്ഞത്ത് വേണ്ടിവരില്ല.
കപ്പൽചാൽ തൊട്ടടുത്ത് തന്നെ
യൂറോപ്പിലേക്കും ഗൾഫ് മേഖലയിലേക്കുമുള്ള കിഴക്കുപടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്നും 10 നോട്ടിക്കൽ മെയിൽ മാത്രമാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. അതായത് 18 കിലോമീറ്റർ . കപ്പൽചാലിൽ നിന്നും തുറമുഖത്തേക്ക് അടുക്കുന്നതിനും തിരികെ പോകുന്നതിനും കുറഞ്ഞ സമയം മാത്രം മതി എന്നതാണ് ഇതിന്റെ സൗകര്യം. ഒരു മണിക്കൂറിനകത്ത് കപ്പലുകൾക്ക് തുറമുഖത്തിൽ നിന്നും കപ്പൽചാലിലേക്ക് കടക്കാനാകും. സൂയസ് കനാലിലൂടെ വർഷംതോറും സഞ്ചരിക്കുന്ന കപ്പലുകളിൽ ചുരുങ്ങിയത് അമ്പതു ശതമാനം എങ്കിലും വിഴിഞ്ഞത്ത് നങ്കൂരമിടും എന്നാണു പ്രതീക്ഷിക്കുന്നത്.
റോഡ് , റെയിൽ, വ്യോമഗതാഗത സാമീപ്യം
വിഴിഞ്ഞം തുറമുഖത്തെ പ്രധാന റോഡ്, റെയിൽ, വ്യോമഗതാഗത പാതകളുടെ ബന്ധപ്പെടുത്താൻ എളുപ്പമാണ് എന്നതാണ് മറ്റൊരു ആകർഷണീയത. ദേശീയ പാതയിൽ 66 ൽ നിന്നും രണ്ടുകിലോമീറ്റർ മാത്രം അകലത്തിലും റെയിൽ പാതയിൽ നിന്നും വരും 10 .7 കിലോമീറ്ററും അകലെയാണ് വിഴിഞ്ഞം തുറമുഖം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ അകലം മാത്രവും. ഈ സൗകര്യങ്ങളെല്ലാം സ്വാഭാവികമായും ഒത്തുവന്നത് വിഴിഞ്ഞത്തെ അന്താരാഷ്ട്ര ഹബ്ബായി മാറ്റുന്നതിന് അനുകൂല ഘടകങ്ങളാണ്. സംസ്ഥാന തലസ്ഥാനം എന്ന നിലയിൽ തിരുവനന്തപുരത്തിനുള്ള രാഷ്ട്രീയ വ്യാവസായീക സാങ്കേതിക പ്രാധാന്യവും അതിവേഗത്തിൽ വളരുന്ന വിവര സാങ്കേതിക മേഖലയും ഈ അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മുന്നേറ്റത്തിനു പിന്തുണ നൽകുന്ന ഘടകങ്ങളാണ്.
പാരിസ്ഥിതികാനുമതി
2014ലാണ് തുറമുഖത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ജനങ്ങളുടെ വാദങ്ങൾ കേട്ട് , മൽസ്യത്തൊഴിലാളികൾ അടക്കം 40ലധികം സംഘടനകളിൽ നിന്നും അഭിപ്രായം തേടിയും മൽസ്യത്തൊഴിലാളികൾ അടക്കം ആയിരത്തിലേറെ ആളുകൾ പങ്കെടുത്ത പബ്ലിക് ഹിയറിങ്ങും നടത്തി. ഈ കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ 2014 ജനുവരി മൂന്നിന് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതിയും രാജ്യത്തെ നിയമപ്രകാരമുള്ള എല്ലാ അനുമതികളും ലഭിച്ചു.
ചരിത്രത്തിലുണ്ട് വിഴിഞ്ഞം തുറമുഖം
എ.ഡി 620 കളിൽ വിഴിഞ്ഞം ഒരു പ്രധാൻ തുറമുഖം ആയിരുന്നുവെന്ന് കേരള സർവകലാശാലയുടെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. റോമിലേയും മെസോപ്പൊട്ടോമിയയിലേയും സഞ്ചാരികൾ അവരുടെ കുറിപ്പുകളിൽ വിഴിഞ്ഞത്തെ പരാമർശിക്കുന്നുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അജ്ഞാത നാവികന്റെ പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന യാത്രാ വിവരണത്തിലും വിഴിഞ്ഞത്തെക്കുറിച്ചു പരാമർശമുണ്ട്.
ആയ് രാജാക്കന്മാരുടെ തുറമുഖ നഗരമായിരുന്നു വിഴിഞ്ഞം. അവരുടെ പ്രധാന സൈനിക വിന്യാസവും വിഴിഞ്ഞം കേന്ദ്രീകരിച്ചായിരുന്നു.എ.ഡി 990 കാലഘട്ടത്തിൽ ഈ പ്രദേശം രാജരാജ ചൊല്ലാൻ ആക്രമിച്ചു കീഴടക്കുകയും രാജേന്ദ്ര ചോളാ പട്ടണം എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു. മദ്രാസ് മ്യൂസിയത്തിൽ ലഭ്യമായിട്ടുള്ള ഏടിൽ 781 ൽ പാണ്ഢ്യ ചക്രവർത്തിയായിരുന്ന നെടുംചടയൻ വേണാട് ആക്രമിക്കുകയും രാജാവിനെ വധിച്ച് തലസ്ഥാനമായിരുന്ന വിഴിഞ്ഞം നഗരവും കോട്ടയും സമ്പത്തും കീഴടക്കിയതായും പറയുന്നുണ്ട്.
ചൈന, ഇറാൻ , തുർക്കി, പേർഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നും മൂന്നാം നൂറ്റാണ്ടിൽ വിഴിഞ്ഞം തുറമുഖത്തേക്ക് വ്യാപാരക്കപ്പലുകൾ അടുത്തതായുള്ള തെളിവുകൾ ഇവിടത്തെ ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഡച്ച് , ബ്രിട്ടീഷ് വ്യാപാരികൾ അവശേഷിപ്പിച്ച തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.