തിരുവനന്തപുരം : സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ വിദ്യാർഥികൾക്ക് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി.
സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്നാണ് ഉത്തരവിൽ പറയുന്നത്. തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജുകളിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് പരാതി നേരത്തെ ഉയർന്ന് വന്നിരുന്നു. വിദ്യാർഥികളെ വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പൽ അധിക്ഷേപിച്ചു എന്നതാണ് പരാതി.