തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തടുക്കാനുള്ള ആദ്യ കപ്പലായ ചൈനീസ് കപ്പൽ ഷെൻഹുവ 15 ഈ ആഴ്ച ഗുജറാത്തിൽ നിന്നും പുറപ്പെടും. മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കി കഴിഞ്ഞു. ശനിയാഴ്ചയ്ക്കകം കപ്പൽ യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. .
പതിനാലിന് വിഴിഞ്ഞം പുറംകടലിൽ എത്തുംവിധമാണ് കപ്പലിന്റെ യാത്രാ ക്രമീകരണം. പതിനഞ്ചിന് വൈകിട്ട് നാലിനാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം. വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള മൂന്നു ക്രെയിനുകൾ ഇതിലുണ്ട്. ആഗസ്ത് അവസാനമാണ് ചൈനയിൽനിന്ന് പുറപ്പെട്ടത്.
ക്രെയിനുകൾ ഇറക്കാനും സ്ഥാപിക്കാനുള്ള വിദഗ്ധ സംഘം ഉടൻ വിഴിഞ്ഞത്ത് എത്തും. തുറമുഖം പ്രവർത്തനം തുടങ്ങിയശേഷമാകും ഈ സംഘം മടങ്ങുക. ഓട്ടോമാറ്റിക് ക്രെയിനുകൾ പ്രവർത്തിപ്പിച്ച് കാണിക്കണമെന്ന വ്യവസ്ഥപ്രകാരമാണ് സംഘം ആറുമാസത്തിലധികം തുറമുഖത്ത് തുടരുക.
തുറമുഖത്തിന്റെ അതിരുകൾ നിശ്ചയിച്ച് ബോയകൾ ബുധനാഴ്ച സ്ഥാപിച്ചു തുടങ്ങും. നാലെണ്ണമാണ് സ്ഥാപിക്കുക. തുറമുഖത്തിന്റെ അതിരുകൾ നിശ്ചയിച്ച് വിജ്ഞാപനം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോയകൾ സ്ഥാപിക്കുന്നത്.
തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ടെന്നും ആവശ്യത്തിനുള്ള തുക ലഭ്യമാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. അതേസമയം പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ അദാനി പോർട്സിന് നൽകാനുള്ള 84 കോടി രൂപയും സർക്കാർ നൽകി. നേരത്തെ 325 കോടി രൂപ നൽകിയിരുന്നു.