കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയാണ് നടക്കുക. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്ന് രണ്ട് മാസം പൂർത്തിയാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയിൽ പ്രധാന സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിക്കും.
മജിസ്ട്രേറ്റിന് മുൻപിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡിനെത്തിയ സാക്ഷികളെ വിസ്തരിക്കില്ല. സാക്ഷിപ്പട്ടികയിൽ ഉൾപ്പെടാത്ത ഡോ. ദീപയെ അധികമായി വിസ്തരിക്കും. 99 സാക്ഷികളുള്ള കേസിൽ ആദ്യ സാക്ഷിയായി പെണ്‍കുട്ടിയുടെ അമ്മയെയും അച്ഛനേയുമാണ് വിസ്തരിക്കുക.
കേസിലെ ഏക പ്രതിയായ അസഫാഖ് ആലത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡൽഹി ഗാസിപൂർ സ്റ്റേഷൻ പരിധിയിലും അസഫാഖിനെതിരെ പോക്സോ കേസുണ്ട്. ഈ കേസിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയത്.