തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ, മധു അമ്പലപ്പുരത്തിന്റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആര് അരവിന്ദാക്ഷനും തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്കും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരുന്ന മൂന്നാമത്തെ സി.പി.എം കൗൺസിലർ ആണ് മധു അമ്പലപുരം.