ഹാങ്ചൗ : അത്ലറ്റിക്സില് മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ നേടുന്ന 15ാം സ്വര്‍ണം കൂടിയാണിത്.
62.92 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് താരത്തിന്റെ സ്വര്‍ണം സ്വന്തമാക്കിയ പ്രകടനം. നാലാം ശ്രമത്തിലാണ് താരം സുവര്‍ണ ദൂരത്തിലേക്ക് ജാവലിന്‍ പായിച്ചത്. ശ്രീലങ്കയുടെ നദീഷ ദില്‍ഹന്‍ വെള്ളിയും ചൈനയുടെ ഹ്യുയി ല്യു വെങ്കലവും നേടി.
ഇന്ത്യയുടെ മെഡല്‍ നേട്ടം 69ല്‍ എത്തി. 15 സ്വര്‍ണം, 26 വെള്ളി, 28 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. അത്ലറ്റിക്സില് ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. പത്ത് വെള്ളി, എട്ട് വെങ്കലം നേട്ടങ്ങളും അത്ലറ്റിക്സില് ഇന്ത്യ നേടിയിട്ടുണ്ട്. 22 മെഡലുകളാണ് ഉള്ളത്.