തൃശൂര്‍ : കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണമെന്നും തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും സുരേഷ് ഗോപി. ഇതിന് പ്രതിവിധി കാണേണ്ടവിഭാഗം ആരെല്ലാമാണോ അവരെല്ലാം ഒത്തൊരുമിച്ച് പ്രതിവിധി കാണണം. പദയാത്ര വിജയിപ്പിച്ച എല്ലാവര്ക്കും നന്ദിയെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
‘യാത്ര വിജയമാക്കിയ എല്ലാവര്ക്കും നന്ദി. ഇന്നലെ യാത്രയെ സംബന്ധിച്ച് ഉണ്ടായിരുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. വലിയ പൊലീസ് സന്നാഹം അല്ല ഉണ്ടായിരുന്നതല്ലെങ്കിലും ഷാഡോ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനം യാത്ര വിജയിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. റോഡിന് ഇരുവശവും ഉണ്ടായിരുന്നവര്‍ ബിജെപി പ്രവര്‍ത്തകരായിരുന്നില്ല. ഈ കൊടും രാഷ്ട്രീയ ക്രൂരത സഹിക്കാനാവാത്തവരാണ് പദയാത്രയില്‍ കണ്ണിചേര്‍ന്നത്. പൊലീസിനോടും മാധ്യമങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി’- സുരേഷ് ഗോപി പറഞ്ഞു.
‘ഇത്രയേയുള്ള പ്രാര്‍ഥന. സംഘശക്തിയല്ല, എണ്ണത്തിന്റെ പെരുമയല്ല, ഉദ്ദേശത്തിന്റെ പെരുമ തന്നെയാണ് വലുത്. ഭയപ്പെടേണ്ട. ജാഗ്രതയും വേണ്ട. അപേക്ഷിക്കുകയാണ് ഭരണകര്‍ത്താക്കളോട്, ഇതിന് പ്രതിവിധി കാണേണ്ട വിഭാഗം ആരാണോ അവരെല്ലാം ഒത്തൊരുമിച്ച് പ്രതിവിധി കാണണണം’- സുരേഷ് ഗോപി പറഞ്ഞു
‘സിപിഎമ്മിന്റെ രാഷ്ട്രീയമൂല്യങ്ങളുടെ അപചയമാണ് പദയാത്രയക്കെതിരായ അനാവശ്യ പരാമര്‍ശങ്ങള്‍. കമ്യൂണിസമല്ല ലോകത്തിന് ആവശ്യം സോഷ്യലിസമാണ്. അവര്‍ക്ക് സോഷ്യലിസം ഇല്ല. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുന്നു. ആദ്യം സംഭവിക്കേണ്ടത് ഇവിടെയായിരുന്നു ബംഗാളില്‍ അല്ല. ഇഡി വന്നതിന് ശേഷമുള്ള കരുവന്നൂരിന് പിന്നാലെയല്ല ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാവേലിക്കര ബാങ്കിന്റെ മുന്നില്‍ ഉണ്ണാവൃതം ഇരുന്നു. കൊട്ടിയൂരും കൊട്ടിയത്തും ഇതുപോലെ പദയാത്ര നടത്തി. അന്ന് എനിക്ക് രാഷ്ട്രീയ പിന്‍ബലം ഇല്ല. പക്ഷേ മനുഷ്യരുടെ പിന്‍ബലം ഉണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ എന്നോടൊപ്പം വന്നു. പിറ്റേദിവസം അതിന് ഫലപ്രാപ്തിയുണ്ടായി. അതുപോലെയുള്ള പരിഹാമാര്ഗത്തിനുവേണ്ടിയാണ് പദയാത്ര നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഈ യാത്രയുടെ സൂചനകൊടുത്ത് ഒരുവര്‍ഷം കാത്തിരുന്നാണ് ഞാന്‍ വന്നത്. ഞാന്‍ വരുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇഡി വന്നത്’- സുരേഷ് ഗോപി പറഞ്ഞു.