ഹംഗ്ഝൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയിയും പി.വി.സിന്ധുവും പുരുഷ, വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും എതിരാളികളെ പരാജയപ്പെടുത്തിയത്.
ചൈനീസ് തായ്പേയ് താരം ഹ്സു വെന്‍ ചിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-15.ഇന്തോനേഷ്യയുടെ പുത്രി കുസുമ വര്‍ദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാംഗ് കാ വിങ്ങിനെയോ ആകും അടുത്തഘട്ടത്തില്‍ സിന്ധു നേരിടുക. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ പി.വി.സിന്ധു വെള്ളി നേടിയിരുന്നു.
മംഗോളിയയുടെ ബാറ്റ്ദാവ മുന്ഖ്ബാത്തിനെയാണ് ലോക ഏഴാം നമ്പര്‍ പുരുഷ താരം പ്രണോയ് മറികടന്നത്. സ്കോര്‍: 21-9, 21-12. പുറംവേദന നിമിത്തം ചൈനയ്ക്കെതിരായ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ജോര്‍ദാന്റെ ബഹദീന് അഹമ്മദ് അല്‍ഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആകും അടുത്തതായി പ്രണോയ് നേരിടുക.