തൃശൂർ : സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ല. ആ വ്യവസ്ഥിതിയെ ബലപ്പെടുത്താനായിട്ടാണ് യാത്ര. ഒരു ശുദ്ധീകരണമാണ് ലക്ഷ്യം . കരുവന്നൂർ നാളെ അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാം, സുരേഷ് ഗോപി പറഞ്ഞു. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരേ നയിക്കുന്ന പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ലെ നോട്ടുമാറ്റം വന്നതുമുതല്‍ തുടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രശ്നമെന്ന് സുരേഷ് ഗോപി. കരുവന്നൂര്‍ ബാങ്കില്‍ തുടരുന്ന ഇഡി നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘2016 നവംബറില്‍ നോട്ടുമാറ്റം നിലവില്‍ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്.അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്.
ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോള്‍ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബാങ്ക് തട്ടിപ്പിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.
നേരത്തെ, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായി ജീവന് നല്‍കേണ്ടി വന്ന അഞ്ച് പേരുടെ ചിത്രത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ച നടത്തിയിരുന്നു. സുരേഷ് ഗോപി നയിക്കുന്ന പദയാത്ര കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര സംവിധായകന് മേജര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.
കരുവന്നൂരില്‍ നിന്നും തൃശൂര്‍ നഗരത്തിലേക്ക് ആണ് സഹകാരി സംരക്ഷണ പദയാത്ര. 17കിലോമീറ്റര്‍ ദൂരമാണ് യാത്ര. സമാപന സമ്മേളനം തൃശൂര്‍ കോര്പറേഷന് മുന്നില്‍ ബിജെപി നേതാവ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.