ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയും ഗോണ്ട്വാന ഗണതന്ത്ര പാർട്ടി(ജിജിപി)യും സഖ്യത്തിൽ മത്സരിക്കും. ബിഎസ്പി 178 സീറ്റിലും ജിജിപി 52 സീറ്റിലും മത്സരിക്കും.
ബിഎസ്പി രാജ്യസഭാംഗം രാംജി ഗൗതം, ജിജിപി ജനറൽ സെക്രട്ടറി ബൽബീർ സിംഗ് തോമർ എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണു സഖ്യം പ്രഖ്യാപിച്ചത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി രണ്ടു സീറ്റിൽ വിജയിച്ചിരുന്നു. ഇവരിലൊരാൾ പിന്നീട് ബിജെപിയിൽ ചേർന്നു.
മൂന്നു ദശകം മുന്പ് രൂപീകരിക്കപ്പെട്ട ജിജിപിക്ക് ആദിവാസിമേഖലകളിൽ സ്വാധീനമുണ്ട്. 1998ൽ ഒരു സീറ്റിൽ വിജയിച്ച പാർട്ടി 2003ൽ മൂന്നിടത്തു വിജയിച്ചു. 2018ൽ സമാജ്വാദി പാർട്ടിയുമായിട്ടായിരുന്നു ജിജിപിയുടെ സഖ്യം. എന്നാൽ, ഒരു സീറ്റിലും വിജയിക്കാനായില്ല.