ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ, കലാശപ്പോരില്‍ ചൈനയോട് തോറ്റു. (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ പരാജയം. എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ആദ്യ രണ്ട് ഗെയിമുകള്‍ നേടിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി. ഇതിനിടെ എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്നു. പകരക്കാരനായെത്തിയ മിഥുന് മഞ്ജുനാഥ് നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു.
ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍ ചൈനയുടെ യൂക്കി ഷിയെ തോല്‍പ്പിച്ച് ഇന്ത്യക്ക് ലീഡ് നല്കി (22-20, 14-21, 21-18). രണ്ടാമത്തെ ഗെയിം മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ ജയം. പിന്നീട് ആദ്യ ഡബിള്‍സില്‍ സാത്വിക് സായ് രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ്-വാങ് സഖ്യത്തെ രണ്ട് ഗെയിമും നേടി പരാജയപ്പെടുത്തി (21-15, 21-18).
രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലി ഷി ഫെങ്ങിനോടും (22-24, 8-21), രണ്ടാം ഡബിള്‍സില്‍ ധ്രുവ് കപില-പ്രതീക് സഖ്യം ലിയു-ഒവു സഖ്യത്തോടും (6-21, 15-21) പരാജയപ്പെട്ടു. 2-2 എന്ന നിലയിലായതോടെ അഞ്ചാം മത്സരം നിര്‍ണായകമായി. ഇതിനിടെ എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റതും തിരിച്ചടിയായി. പ്രണോയിക്ക് പകരക്കാരനായെത്തിയ മിഥുന് മഞ്ജുനാഥ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് 12-21, 4-21-ന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെള്ളി മെഡലില്‍ ഒതുങ്ങി.
നേരത്തേ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. 37 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ബാഡ്മിന്റണില്‍ മെഡല്‍ വരുന്നത്. 1986ല്‍ സയേദ് മോദിയാണ് വെങ്കലം നേടുന്നത്. 1982ലും 1974ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.