എന്നെ തനിച്ചാക്കില്ലെന്നും, ഒരുമിച്ചേ പോവുകയുള്ളുവെന്നും ബാലകൃഷ്ണേട്ടൻ എപ്പോഴും പറയുമായിരുന്നു. പക്ഷെ രോഗത്തിനു മുന്നിൽ നിസഹായനായി അദ്ദേഹം മടങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു. ബാലകൃഷ്ണേട്ടൻ പോയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. ഓരോ നിമിഷവും അദ്ദേഹം എന്നോടൊപ്പമുണ്ടെന്ന ചിന്തയാണ് ജീവിച്ചിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.
അവസാനമായി ബാലകൃഷ്ണേട്ടൻ സംസാരിച്ചത് വിടപറയുന്നതിന് രണ്ടുനാൾ മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു. അന്ന് മക്കളെയും മരുമക്കളെയുമെല്ലാം മുറിക്കു പുറത്തിറക്കിയിട്ട് എന്നോടു പറഞ്ഞു.’മോളേ, ഞാൻ പോയാൽ നീ തന്റേടത്തോടെ ,ആരെയും ആശ്രയിക്കാതെ ജീവിക്കണം. ധൈര്യമായിരിക്കണം’-ഇതു പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ, അങ്ങനെയൊന്നും പറയരുതേ ബാലകൃഷ്ണേട്ടായെന്ന് വിതുമ്പിക്കൊണ്ട് ഞാൻ വാ പൊത്തി. അതായിരുന്നു ഒടുവിലത്തെ സംഭാഷണം.
പഠിക്കാനും പ്രസവത്തിനും ഞാൻ പോയ സമയമൊഴികെ ഒരിക്കലും ഞങ്ങൾ പിരിഞ്ഞിരുന്നിട്ടില്ല. എനിക്കു വേറെ കൂട്ടുകാരില്ല. ബാലകൃഷ്ണേട്ടനായിരുന്നു എന്റെ ഏറ്റവും വലിയ സുഹൃത്ത്. എന്തു വിഷമമുണ്ടായാലും ബാലകൃഷ്ണേട്ടനോട് വർത്തമാനം പറഞ്ഞാൽ മാറുമായിരുന്നു. നിറവാർന്ന സ്നേഹമായിരുന്നു എപ്പോഴും. നാൽപ്പത്തിമൂന്നുവ ർഷം നീണ്ടുനിന്ന ദാമ്പത്യം. എന്നാൽ എനിക്കു പന്ത്രണ്ടോ പതിമ്മൂന്നോ വയസുള്ളപ്പോൾ മുതൽക്കേ ഞാൻ ബാലകൃഷ്ണേട്ടനെ കാണാൻ തുടങ്ങിയിരുന്നു. എന്റെ അച്ഛൻ രാജു മാസ്റ്റർ തലശേരിയിലെ പാർട്ടിനേതാവും എം.എൽ.എയുമൊക്കെയായിരുന്നു. അച്ഛനെ കാണാൻ ഇടയ്ക്കൊക്കെ വീട്ടിൽ വരുമായിരുന്നു. ഞങ്ങളുടെ വീടുകൾ തമ്മിൽ വലിയ ദൂരമൊന്നും ഉണ്ടായിരുന്നില്ല. ബാലകൃഷ്ണേട്ടൻ പഠിച്ച തലശേരി ഓണിയൻ സ്കൂളിലാണ് പിൽക്കാലത്ത് ഞാനും പഠിച്ചത്.
ഞാൻ സ്കൂളിൽ എട്ടിലോ മറ്റോ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐയുടെ ഒരു പരിപാടിയിൽ വച്ച് ആദ്യമായി തമ്മിൽ സംസാരിച്ചത്. അദ്ദേഹം എസ്.എഫ്.ഐ സെക്രട്ടറിയായിരുന്നു. ഞാനും എസ്.എഫ്.ഐ പ്രവർത്തനങ്ങളിൽ അന്ന് സജീവമായിരുന്നു. എപ്പോഴെത്തി എന്നു ചോദിച്ചു. അന്നൊന്നും കാര്യമായ സംസാരമില്ലായിരുന്നു. ഞാൻ പത്തിൽ പഠിക്കുമ്പോൾ അടിയന്തരാവസ്ഥക്കാലത്ത് എന്റെ അച്ഛനെയും ബാലകൃഷ്ണേട്ടനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അച്ഛനെ കാണാൻ പോകുമ്പോൾ ബാലകൃഷ്ണേട്ടന്റ അമ്മയും ചിലപ്പോഴൊക്കെ ഒപ്പം വരാറുണ്ടായിരുന്നു. ജയിലിൽവച്ചു കണ്ടപ്പോൾ പത്തിലെ പരീക്ഷയൊക്കെ എങ്ങനെ എഴുതിയെന്ന് അദ്ദേഹം ചോദിച്ചു.
പ്രീഡിഗ്രി കഴിഞ്ഞ് ടീച്ചേഴ്സ് ട്രെയിനിംഗിന് ഞാൻ ബാംഗ്ളൂരിലേക്കു പോകുമ്പോൾ ‘എന്റെ കൂടെ നിന്നാൽ കുറച്ചു ബുദ്ധിമുട്ടൊക്കെയുണ്ടാകും; എല്ലാം സഹിക്കാൻ തയ്യാറാണെങ്കിൽ നമ്മൾക്ക് ഒരുമിച്ചു ജീവിക്കാം’ എന്ന് ബാലകൃഷ്ണേട്ടൻ പറഞ്ഞു. ഇഷ്ടമായിരുന്നതുകൊണ്ട് ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. മറ്റാർക്കും അറിയില്ലായിരുന്നെങ്കിലും അപ്പോഴേക്കും ഞങ്ങൾ തമ്മിൽ മാനസികമായൊരു അടുപ്പമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്കും അങ്ങനെതന്നെയായിരുന്നു. ബാംഗ്ളൂരിൽ നന്നായി പഠിച്ചു പരീക്ഷ പാസാകണമെന്ന് എന്നോടു പറഞ്ഞു.
പക്ഷെ അധികം വൈകാതെ അച്ഛന്റെ കത്തു വന്നു- നിന്റെ വിവാഹനിശ്ചയമാണെന്നും, ബാലകൃഷ്ണന്റെ ആലോചന വന്നുവെന്നുമാണ് ഉള്ളടക്കം. നിശ്ചയത്തിന് പെൺകുട്ടി വേണമെന്നൊന്നും അന്നില്ലായിരുന്നു. അവധിയില്ലാത്തതുകൊണ്ട് ഞാൻ പോയില്ല. നിശ്ചയം കഴിഞ്ഞതോടെ ബാലകൃഷ്ണേട്ടൻ കത്തുകൾ അയച്ചുതുടങ്ങി. അന്ന് മറ്റു മാർഗങ്ങൾ ഒന്നുമില്ലല്ലോ. ദിവസവും ഒരു കത്ത് വരും. സ്നേഹം പുരണ്ട ആ കത്തുകൾ ഓരോന്നും നിധിപോലെ ഞാൻ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
നിശ്ചയം കഴിഞ്ഞ് ഒരു മാസമാകുമ്പോഴേക്കും വിവാഹമായി. പതിനഞ്ചു ദിവസത്തെ അവധിയേ എനിക്കുണ്ടായിരുന്നുള്ളൂ. തലശേരി ടൗൺഹാളിലായിരുന്നു വിവാഹം. ബാലകൃഷ്ണേട്ടന്റെ വീട്ടിലെത്തി അധികം കഴിയും മുമ്പ് അദ്ദേഹം പാർട്ടി സമ്മേളനത്തിനു പോയി. അന്നു രാത്രി വന്നില്ല. പുലർച്ചെയാണ് എത്തിയത്. അന്ന് എന്റെ വീട്ടിൽ വിരുന്നിനു പോകുന്ന ദിവസമായിരുന്നു. അച്ഛനെക്കണ്ടപ്പോൾ ഞാൻ കരഞ്ഞു. പാർട്ടി ജീവിതത്തിന്റെ ഭാഗമാണ് അതൊക്കെയെന്നു പറഞ്ഞ് അച്ഛൻ ആശ്വസിപ്പിച്ചു. വൈകുന്നേരം തലശേരി മുകുന്ദ് ടാക്കീസിൽ പോയി ഞങ്ങൾ അങ്ങാടി എന്ന സിനിമ കണ്ടു.
അവധി തീർന്നപ്പോൾ ഞാൻ ബാംഗ്ളൂരിലേക്കു മടങ്ങി. അന്ന് അദ്ദേഹത്തിന് ഒപ്പം വരാനായില്ല. പക്ഷെ പത്തിരുപതു ദിവസമായപ്പോഴേക്കും വന്നു. ഞങ്ങളുടെ ഹോസ്റ്റലിന്റെ മേട്രൺ വിവാഹം കഴിക്കാത്ത കർക്കശക്കാരിയായിരുന്നു. ബാലകൃഷ്ണേട്ടനൊപ്പം പുറത്തുപോകാനൊന്നും പറ്റില്ലെന്ന് അവർ ന്യായം പറഞ്ഞു. പക്ഷെ ഭർത്താവിന്റെ കൂടെപ്പോകുന്നതിൽ എന്താണു തെറ്റെന്ന് കൂട്ടുകാരികൾ ചോദിച്ചപ്പോൾ അവർ വഴങ്ങി. മൂന്നു ദിവസം ഞങ്ങൾ പുറത്തു താമസിച്ചു. എല്ലായിടത്തും കറങ്ങി.
അടുത്തവർഷം ഫൈനൽ പരീക്ഷയ്ക്കു മുമ്പ് ഞാൻ ബിനോയിയെ പ്രസവിച്ചു. പരീക്ഷയ്ക്ക് പൊടിക്കുഞ്ഞുമായാണ് പോയത്. അമ്മയും ബാലകൃഷ്ണേട്ടനും ഒപ്പം വന്നു. തിരികെ വരുമ്പോൾ ഈറോഡ് എത്തിയപ്പോൾ ട്രെയിൻ നിന്നു. എന്തോ തകരാർ. വെള്ളമില്ല. ഒരു ദിവസം മുഴുവൻ ട്രെയിൻ അവിടെക്കിടന്നു. തുണികൊണ്ട് തൊട്ടിൽകെട്ടി ബിനോയിയെ കിടത്തി. അടുത്തു താമസിക്കുന്ന നാട്ടുകാരനായ ഒരാൾ വെള്ളമൊക്കെ കൊണ്ടുത്തന്ന് സഹായിച്ചു.
ബാലകൃഷ്ണേട്ടൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ആർ.എസ്.എസ് ആക്രമണങ്ങൾ വലുതായിരുന്നു. പലപ്പോഴും പാർട്ടി ജില്ലാക്കമ്മിറ്റി ഓഫീസിൽത്തന്നെ കിടക്കും. രാവിലെ വീട്ടിൽ വന്ന് മടങ്ങും. അന്നൊക്കെ അനുഭവിച്ച സംഘർഷങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. ഇന്നത്തെ കാലമല്ലേ എല്ലാവർക്കും അറിയൂ. കടന്നുവന്ന വഴികൾ ഓർക്കുന്ന എത്രപേരുണ്ടാവും! 1996- ലാണ് ഞങ്ങൾ തിരുവനന്തപുരത്തേക്കു വരുന്നത്. ബിനോയിയെയും ബിനീഷിനെയും ഇവിടെ ചേർത്തു.
ബാലകൃഷ്ണേട്ടന് പാർട്ടി ജീവനായിരുന്നു. എന്നാൽ നല്ല ഭർത്താവും നല്ല അച്ഛനുമായിരുന്നു. കുട്ടികളുമൊത്ത് സമയം ചെലവഴിക്കാൻ വലിയ ഇഷ്ടമായിരുന്നു. വീട്ടിൽ വന്നാൽ ‘വാടാ നമ്മൾക്ക് കിടന്നുകൊണ്ട് സംസാരിക്കാം’ എന്നു പറഞ്ഞ് കട്ടിലിൽ കുട്ടികളുമൊത്ത് കെട്ടിമറിയാൻ വലിയ താത്പര്യമായിരുന്നു. പേരക്കുട്ടികൾ വന്നപ്പോൾ അവരുമായി കളിക്കാനും സമയം കണ്ടെത്തിയിരുന്നു. മരുമക്കളെ മകളെപ്പോലെയാണ് കണ്ടിരുന്നത്. പുറത്തൊക്കെ യാത്രപോയാൽ രാവിലെ നടക്കാൻ പോകുന്ന ശീലമുണ്ട് ബാലകൃഷ്ണേട്ടന്. സിംഗപ്പൂരിൽവച്ച് ഒരിക്കൽ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ അങ്ങനെ നടന്നു. വഴിതെറ്റി. ഹോട്ടൽ കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ടി. ഫോണൊന്നും ഇല്ലായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലായപ്പോഴാണ് തിരികെ ഹോട്ടലിൽ എത്താനായത്. അങ്ങനെ രസകരമായ എത്രയെത്ര ഓർമ്മകൾ….
പ്രമേഹ ചികിത്സയുടെ ഭാഗമായുള്ള പതിവു പരിശോധനയിൽ യാദൃച്ഛികമായാണ് ബാലകൃഷ്ണേട്ടന് അസുഖം കണ്ടെത്തിയത്. അന്നു രാത്രി ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞു. ‘വിഷമിക്കേണ്ട മോളേ, നമ്മൾക്ക് നല്ല ട്രീറ്റ്മെന്റ് എടുക്കാം’ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. വിജയേട്ടൻ (മുഖ്യമന്ത്രി പിണറായി വിജയൻ) ഒക്കെ ഇടപെട്ട് അമേരിക്കയിൽ കൊണ്ടുപോയി. അവിടെവച്ച് ആദ്യ കീമോ എടുത്തു. പക്ഷെ ഡോസ് കൂടുതലായതിനാൽ സോഡിയം ലെവൽ താഴ്ന്ന് ഐ.സി.യുവിലായി. ഒപ്പം ഇരിക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചു. അവരൊടുവിൽ സമ്മതിച്ചു.
എന്റെ കൈപിടിച്ചാണ് അദ്ദേഹം കിടന്നത്. ബാക്കി കീമോ നാട്ടിലെടുത്ത് രോഗം കുറഞ്ഞശേഷം സർജറിക്കായി വീണ്ടും വരാനായി വിട്ടു. അവിടെ പഠിച്ച അജു മാത്യു എന്ന ഡോക്ടർ നാട്ടിലുണ്ടായിരുന്നു. അദ്ദേഹം വന്നു കണ്ടു.’ ഒരുപാട് കൊടുങ്കാറ്റുകൾ സാർ തരണം ചെയ്തിട്ടില്ലേ. ഇതും അങ്ങനെ കണ്ടാൽ മതി. കൊടുങ്കാറ്റിനെതിരായ യുദ്ധം നമ്മൾക്ക് തുടങ്ങാം’ എന്നു പറഞ്ഞു. ബാലകൃഷ്ണേട്ടന് വലിയ ധൈര്യമായിരുന്നു. സ്ഥിതി മെച്ചപ്പെട്ടതോടെ സർജറിക്കായി പോയി. അവിടെ മലയാളി നഴ്സുമാർ വലിയ സ്നേഹമാണ് കാട്ടിയത്. ബാലകൃഷ്ണേട്ടൻ കിടന്ന ഫ്ളോറിൽ മുഴുവൻ ആശുപത്രി അധികൃതർ മലയാളി നഴ്സുമാരെ ഇട്ടു. അന്നാട്ടുകാരനായ ഡോക്ടർ ഒരു ദിവസം ചോദിച്ചു; ഈ രോഗി ഒരു വി.ഐ.പിയാണോ, ഒരുപാട് അന്വേഷണങ്ങൾ വരുന്നുണ്ടല്ലോ എന്ന്. അപ്പോൾ ഒരു നഴ്സ് പറഞ്ഞു, ഞങ്ങളുടെ നാട്ടിലെ രാജാവാണെന്ന്. കിംഗ് എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു. അസുഖമെല്ലാം പൂർണമായി ഭേദമായിട്ടാണ് അന്ന് നാട്ടിലെത്തിയത്. എല്ലാക്കാര്യങ്ങളിലും ബാലകൃഷ്ണേട്ടൻ സജീവമായി.
പിന്നീട് വീണ്ടും അസുഖം വന്നു. ഡോക്ടർമാർ ഓരോത്തരും ഓരോ അഭിപ്രായം പറയുമായിരുന്നു. ഞാൻ ആരെയും തള്ളിപ്പറയുന്നില്ല. അവസാനദിവസങ്ങളിൽ ബാലകൃഷ്ണേട്ടൻ തികച്ചും ക്ഷീണിതനായിരുന്നു. അവശതയുണ്ടായാലും പേരക്കുട്ടികളെ വീഡിയോ കാളിൽ കാണുമ്പോൾ വലിയ സന്തോഷമായിരുന്നു. മിണ്ടാൻ ബുദ്ധിമുട്ടുണ്ടായാലും കൈവീശിക്കാണിക്കും. പെട്ടെന്നാണ് എല്ലാ അവസാനിച്ചത്. ജീവിതം കൈവിട്ടു പോവുകയാണെന്ന് എനിക്കു മനസിലായി. കണ്ണൂരിൽ രാഷ്ട്രീയകക്ഷി ഭേദമൊന്നുമില്ലാതെ ആളുകൾ നൽകിയ ബാഷ്പാഞ്ജലി അദ്ദേഹത്തോടുള്ള സ്നേഹം തന്നെയായിരുന്നു.
ബാലകൃഷ്ണേട്ടാ… നമ്മൾ ഒരുമിച്ചുള്ള ഓർമ്മകൾ എന്നും കരുത്തായുണ്ട്. പറഞ്ഞതുപോലെ ഞാൻ തന്റേടത്തോടെ നിൽക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാലും ഇപ്പോൾ എവിടെയാണ് എന്റെ ബാലകൃഷ്ണേട്ടാ…
(സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സഹധർമ്മിണി വിനോദിനി ബാലകൃഷ്ണൻ എഴുതിയത്)