ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സോളാർ അഴിമതി അന്വേഷിക്കാൻ ഇൻകൽ പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രത്യേക ബോർഡ് യോഗം ചേർന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കൊച്ചി മെട്രോ ഡയറക്ടർ സഞ്ജയ് കുമാർ, ഇൻകലിന്റെ ഭാഗമായ കെഎസ്ഇബി മുൻ ചീഫ് എൻജിനീയർ കെ ശിവദാസ് എന്നിവരാണ് സമിതിയിലെ രണ്ട് അംഗങ്ങൾ. സിയാൽ പ്രതിനിധിയായ മൂന്നാമത്തെ അംഗത്തെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും സാം റൂഫസിനെ മാറ്റി നിർത്തിയത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയെ തുടർന്നാണെന്നും ഇൻകൽ എം.ഡി കെ. ഇളങ്കോവൻ പറഞ്ഞു.
2020 ജനുവരി 15നാണ് കെഎസ്ഇബി ഇൻകലുമായി കരാർ ഒപ്പിടുന്നത്. കോഴ ഇടപാടിൽ ഇപ്പോൾ സസ്പെൻഷൻ നേരിടുന്ന ജനറല്‍ മാനേജര്‍ സാംറൂഫസാണ് ഇൻകലിന് വേണ്ടി കെഎസ്ഇബിയുമായി അന്ന് കരാർ ഒപ്പിടുന്നത്. മറ്റാർക്കും കൈമാറാതെ 8 മെഗാവാട്ട് പദ്ധതി ഇൻകൽ തന്നെ പൂർത്തിയാക്കണമെന്നാണ് ഉടമ്പടി. ഈ കരാർ ഒപ്പിട്ട് ആറാം മാസമാണ് ഇതിൽ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതി ഇൻകൽ തമിഴ്നാട് കമ്പനിക്ക് ഉപകരാറായി മറിച്ച് വിൽക്കുന്നത്.
കരാറിലെ ആറാം പേജിൽ ആർട്ടിക്കിൾ എട്ടിന്റെ ലംഘനം നടന്നതായി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തയിൽ പറയുന്നു. മൂന്ന് കൊല്ലമായി കഞ്ചിക്കോടും, ബ്രഹ്മപുരത്തും കെഎസ്ഇബിയുടെ സ്വന്തം ഭൂമിയിൽ റിച്ച് ഫൈറ്റോക്കെയർ പ്ലാന്റ് പ്രവർത്തിപ്പിക്കുമ്പോഴും കെഎസ്ഇബി അനങ്ങിയില്ല എന്നതും ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടികാണിക്കുന്നു. ഉപകരാർ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഊർജ്ജ സെക്രട്ടറിയെ വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻ എംഡിയുടെ കള്ള ഒപ്പിട്ടത് അടക്കമുള്ള കാര്യങ്ങൾ ഗൗരവതരമായി എടുക്കാതെയാണ് ഇൻകൽ അന്വേഷണത്തിന് തുനിയുന്നത്.