തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം വാഗ്ദാനം ചെയ്ത് പേഴ്സണ്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി കൂടുതലായി അദ്ദേഹം പറഞ്ഞതായി കാണുന്നില്ല. ഞാന്‍ പറഞ്ഞത് വളരെ ക്ലിയറാണ്. എന്റെ ഓഫീസില്‍ വന്ന് വാക്കാല്‍ പിഎസിനോട് പരാതി പറഞ്ഞു. അപ്പോള്‍ രേഖാമൂലം പരാതി നല്കാന് നിര്‍ദേശിച്ചത് ഞാനാണ്. പൊലീസ് അന്വേഷിക്കട്ടെ. സത്യം പുറത്തുവരും’- വീണാ ജോര്‍ജ് പറഞ്ഞു.
അതിനിനിടെ പേഴ്സണ്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഹരിദാസിന്റെ മൊഴിയെടുത്തു. ചോദ്യങ്ങള്‍ക്ക് അതേ പോലെ മറുപടി നല്‍കിയെന്നും കയ്യിലുള്ള തെളിവുകള്‍ കൈമാറിയെന്നും ഹരിദാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ‘ചോദ്യങ്ങള്‍ക്ക് അതേ പോലെ മറുപടി പറഞ്ഞു. കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല.
നിയമന ഉത്തരവ് നല്കി. കൂടെ പണം കൈമാറിയതിന്റെ ക്ലിപ്പുകളും കൈമാറി. വാട്സ്ആപ്പ് സന്ദേശങ്ങളും കൊടുത്തു.എന്റെ കൈയില്‍ ഉള്ള മുഴുവനും കൊടുത്തു. അഖില്‍ മാത്യു എന്ന് അദ്ദേഹമാണല്ലോ എന്നോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണല്ലോ അഖില്‍ മാത്യു എന്ന് ഞാന്‍ വിശ്വസിക്കുന്നത്’- ഹരിദാസ് പറഞ്ഞു.
അതേസമയം കോഴ നല്‍കിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ പത്തിന് അഖില്‍ മാത്യു പത്തനംതിട്ടയിലെന്ന് പൊലീസ് പറയുന്നു. അന്നേ ദിവസം തിരുവനന്തപുരത്ത് വച്ച് കൈക്കൂലി വാങ്ങിയെന്ന് ഹരിദാസ് ആരോപിക്കുന്ന അഖില്‍ മാത്യുവിന്റെ ടവര്‍ ലൊക്കേഷന്‍ പത്തനംതിട്ടയിലെന്നാണ് പൊലീസ് പറയുന്നത്. 10,11 തീയതികളില്‍ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നു. പക്ഷേ ആ ദിവസങ്ങളില്‍ കല്യാണവുമായി ബന്ധപ്പെട്ട് അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നു. ആള്‍മാറാട്ടം നടന്നോ എന്ന കാര്യം അന്വേഷിക്കുന്നതായും പൊലീസ് പറയുന്നു. അതിനിടെ നിയമന കോഴ വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പിന് പൊലീസ് കത്ത് നല്കി. ഏപ്രില്‍ 9,10,11 തീയതികളിലെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.