ചെന്നൈ : വീരപ്പന് വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.
വീരപ്പനെ പിടികൂടാന്‍ ഗോത്രസ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ 2011ലെ കോടതി വിധിക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
ഇരകള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതില്‍ അഞ്ച് ലക്ഷം പ്രതികളില്‍നിന്ന് ഈടാക്കണം. അന്നത്തെ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഫോറസ്റ്റ് മേധാവി എന്നിവര്‍ക്കെതിരേ നടപടി വേണം. വചാതി ഗ്രാമത്തിലെ ജീവിത നിലപാരം മെച്ചപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
1992 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീരപ്പനെ ഒളിവില്‍ പാര്‍പ്പിക്കുന്നെന്ന് ആരോപിച്ച് 262 സര്‍ക്കാര്‍ ജീവനക്കാര്‍ അടങ്ങുന്ന സംഘമാണ് ധര്‍മപുരിയിലെ വചാതി ഗ്രാമം വളഞ്ഞ് ഗോത്രവിഭാഗത്തിന് നേരേ അക്രമം നടത്തിയത്.
ഗ്രാമത്തിലെ പെണ്‍കുട്ടികളും, ഗര്‍ഭിണികളുമടക്കമുള്ള 18 പേരേ ട്രക്കില്‍ കയറ്റി അടുത്തുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിച്ച് രണ്ട് ദിവസത്തോളം ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവരുടെ കുടിലുകള്‍ തല്ലിതകര്‍ക്കുകയും അഗ്നിക്ക് ഇരയാക്കുകയും ചെയ്തിരുന്നു.
ഗ്രാമത്തിലെ 90 സ്ത്രീകളെയും 28 കുട്ടികളെയും പിന്നീട് മൂന്ന് മാസത്തോളം തടവിലിട്ടു. ഇതില്‍നിന്ന് രക്ഷപെട്ട ചിലര്‍ ആക്ടിവിസ്റ്റുകളുമായി ബന്ധപ്പെട്ടപ്പോളാണ് സംഭവം പുറംലോകം അറിഞ്ഞത്. സിപിഎം തമിഴ്നാട് ഘടകമാണ് കേസില്‍ പൊതുതാത്പര്യ ഹര്‍ജിയുമായി മുന്നോട്ട് പോയത്.
പിന്നീട് 2011ല്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ധര്‍മപുരിയിലെ കോടതിയില്‍നിന്ന് ഉത്തരവുണ്ടായി. ഇതിനെതിരേ പ്രതികള്‍ നല്കിയ അപ്പീലാണ് കോടതി തള്ളിയത്.