ഹാങ്ചോ : ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.
ഫിഫ റാങ്കിങ്ങില്‍ 57ാം സ്ഥാനത്തുള്ള എതിരാളികള്‍ക്കെതിരെ പ്രതിരോധിച്ചാണ് ഇന്ത്യ കളിച്ചത്. ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം ലഭിച്ചു. ഹൈതം അസ്രിയുടെ ഷോട്ട് ഇന്ത്യന്‍ ഗോളി ധീരജ് കൈയിലൊതുക്കിയപ്പോഴേക്കും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നിരുന്നു. 14ാം മിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ബോക്സിന് പുറത്തുനിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് സൗദി ഗോള്‍കീപ്പര്‍ അഹ്മദ് അല്‍ ജുബയ അനായാസം കൈയിലൊതുക്കി. എട്ട് മിനിറ്റിന് ശേഷം സൗദി വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിനോട് ചേര്‍ന്ന് പുറത്തേക്ക് പോയി. 25ാം മിനിറ്റില്‍ ഖലീം മറാന്റെ ഷോട്ട് ഇന്ത്യന്‍ ഗോളി ധീരജ് കൈയിലൊതുക്കി. 40ാം മിനിറ്റില്‍ സൗദിക്ക് ലഭിച്ച ഫ്രീകിക്കും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ആയാസപ്പെട്ട് തട്ടിയകറ്റി. തുടര്‍ന്നും സൗദി ആക്രമണം തുടര്‍ന്നെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി. മുഹമ്മദ് അബു അല്‍ ഷമാത്തിന്റെ ക്രോസ് ഖലീല്‍ മറാന്‍ വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ആറ് മിനിറ്റിന് ശേഷം മറാന്റെ രണ്ടാം ഗോളും എത്തി. 78ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ പാസില്‍ രാഹുലിന്റെ ഷോട്ട് പോസ്റ്റിനോട് ചേര്‍ന്ന് പുറത്തേക്ക് പോയി. അഞ്ച് മിനിറ്റിനകം സൗദി താരം റയാന് ഹാമിദിന്റെ ഹെഡര്‍ ധീരജ് തട്ടിയകറ്റി. സൗദി ആക്രമണം തുടര്‍ന്നെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ഇന്ത്യന്‍ പ്രതിരോധം പിടിച്ചുനിന്നു.
ചൈനക്കെതിരെ ആദ്യ മത്സരത്തില്‍ 5-1ന് തോല്‍വി ഏറ്റുവാങ്ങിയായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയും മൂന്നാം മത്സരത്തില്‍ മ്യാന്മറിനെതിരെ സമനില പിടിച്ചും രണ്ടാമന്മാരായണ് പ്രീ ക്വാര്‍ട്ടറില്‍ ഇടം ലഭിച്ചത്.