ചെന്നൈ : ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം.
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി.
ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.
സ്വാമിനാഥന് രാജ്യത്തിന് നല്കിയ സംഭാവനകള്‍ മാനിച്ച് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ അവാര്‍ഡുകള്‍ നല്കി രാജ്യം ആദരിച്ചു. റമണ്‍ മാഗ്സസെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട പ്രധാന വ്യക്തികളില്‍ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്തത് സ്വാമിനാഥനെയാണ്. 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന സ്വാമിനാഥനെ, 1943ലെ ബംഗാള്‍ ക്ഷാമത്തില്‍ പട്ടിണിമരണങ്ങള്‍ നേരിട്ട് കണ്ടത് മനസിലെ ഉലച്ചു. ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യാന്‍ ജീവിതം ഉഴിഞ്ഞുവെയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകവും ഇതാണ്.
ഡോ. മങ്കൊമ്പ് കെ സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7നാണ് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. ഇവരുടെ നാലു മക്കളില്‍ രണ്ടാമത്തെയാളാണ് സ്വാമിനാഥന്. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ പിതാവ് ആതുരസേവനത്തിനായി തിരഞ്ഞെടുത്തത് തമിഴ്നാട്ടിലെ കുംഭകോണമായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെ.
എല്ലാവര്‍ഷവും വേനലവധിക്കാലത്ത് മങ്കൊമ്പിലെ വീട്ടില്‍ ചെലവഴിച്ചത്, തനിലെ കാര്‍ഷിക ശാസ്ത്രജ്ഞനെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതായി സ്വാമിനാഥന് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സ്വാമിനാഥന് 11 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിതാവിന്റെ സഹോദരനായിരുന്ന മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണയിലാണ് പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞത്.
കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ സ്വാമിനാഥന് 1940ല്‍ തിരുവനന്തപുരത്ത് മഹാരാജാസ് കോളജില്‍ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ജന്തുശാസ്ത്രത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. കാര്ഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാന മാര്‍ഗ്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങള്‍ക്ക് വരുമാനം നല്‍കുന്നതരത്തില്‍ ശാസ്ത്രത്തെ വളര്‍ത്തണമെന്ന ആഗ്രഹവുമായി കോയമ്പത്തൂര്‍ കാര്‍ഷിക കോളജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി.