മലപ്പുറം : ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്കിയ വിവരം ഓഗസ്റ്റ് 17നു തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്ത് കെ.പി. ബാസിത്.
നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ ഓഫീസില്‍ പോയതിന്റെ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറയുന്നു. എഐഎസ്എഫ് മലപ്പുറം മുന്‍ജില്ലാ പ്രസിഡന്റാണ് ബാസിത്.
തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത്, ആരോപണവിധേയനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
അഖിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമില്ലാതായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ടെക്സ്റ്റ് മെസേജായി അഖില്‍ മാത്യുവിനെ അറിയിക്കുകയും ചെയ്തിരുന്നു ഇതിന്റെ സ്ക്രീന്‍ഷോട്ടടക്കം ബാസിത് പുറത്തുവിട്ടിട്ടുണ്ട്.
മന്ത്രിയുടെ ഓഫീസില്‍ വച്ച് പേഴ്സണല്‍ സെക്രട്ടറി കെ.സജീവിനോട് കാര്യം വിശദീകരിച്ചപ്പോള്‍ രേഖാമൂലം പരാതി നല്‍കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് മെയിലിലൂടെ പരാതി നല്കി. പരാതി കൈപ്പറ്റിയതായി സെപ്റ്റംബര്‍ 13ന് അറിയിപ്പ് ലഭിച്ചതായും ബാസിത് പറയുന്നു.
ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പലതവണയായി കുറേയേറെ പണം നല്‍കിയെന്നുമാണ് പരാതിക്കാരനായ മലപ്പുറം സാജു റോഡിലെ കാവില്‍ അതിരാകുന്നത്ത് ഹരിദാസന് കുമ്മാളി ആരോപിച്ചിരിക്കുന്നത്.
ഇതോടൊപ്പം ആയുഷ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കാമെന്നുപറഞ്ഞ് പണം വാങ്ങിയവര്‍ വ്യാജരേഖ ചമച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഈ സംഭവത്തില്‍ ആരോപണ വിധേയനായ അഖില്‍ സജീവ് മുന്‍പും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സിപിഎമ്മിൽ നിന്ന് ഒരുവര്‍ഷംമുമ്പ് അഖില്‍ സജീവിനെ പുറത്താക്കിയതാണെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
മുമ്പ് കളക്ഷന്‍ ഫണ്ട് തിരിമറിയുടെ പേരില്‍ സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ് ജീവനക്കാരനായിരുന്ന അഖില്‍ സജീവിനെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഈ സംഭവത്തില്‍ അഖില്‍ സജീവ് രണ്ടര ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടുണ്ട്. അഖില്‍ സജീവിനെതിരേ പത്തനംതിട്ട പോലീസ് അന്ന് കേസ് എടുത്തിരുന്നു.
ഇതിനിടെ ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പു നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മാത്രമല്ല വീസ തട്ടിപ്പ് ആരോപണവും ഇയാൾക്കെതിരേ ഉയർന്നിട്ടുള്ളതായി വിവരമുണ്ട്.