ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ പൂർണമായും ഒതുക്കി ബിജെപി കേന്ദ്രനേതൃത്വം. മൂന്ന് കേന്ദ്രമന്ത്രിമാർ ഇടംപിടിച്ച ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മുഖ്യമന്ത്രിയുടെ പേരില്ല. ചൗഹാന് സ്ഥാനാർഥിത്വം പോലും കിട്ടില്ലെന്നാണ് സൂചന.
മൂന്നു കേന്ദ്രമന്ത്രിമാരടക്കം ഏഴ് എംപിമാരെയാണ് ബിജെപി സ്ഥാനാർഥികളാക്കിയത് . മുതിർന്ന നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയ്വർഗിയയും പട്ടികയിലുണ്ട്. മുതിർന്ന നേതാക്കളെ സ്ഥാനാർഥികളാക്കുക വഴി കേന്ദ്രനേതൃത്വം ചൗഹാന് കൃത്യമായ സന്ദേശം നല്കുന്നു.നാലുവട്ടം മുഖ്യമന്ത്രിയായ ചൗഹാനെ മുൻനിർത്തി നീങ്ങിയാൽ ജയിക്കില്ലെന്നാണ് മോദി–ഷാ വിലയിരുത്തല്‍.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടെന്നാണ് തീരുമാനം. കർണാടകത്തിലേതുപോലെ മോദിയെ മുൻനിർത്തിയാകും പ്രചാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണവും കേന്ദ്രനേതൃത്വം ഏറ്റെടുക്കും. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി ജൂലൈയിൽത്തന്നെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനെ നിയമിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് സഹ ചുമതലക്കാരൻ. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചുമതലക്കാരനായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ നിയമിച്ചു. ഇതോടെ ചൗഹാൻ പൂർണമായും പുറത്തായി.
ബിജെപി ആരംഭിച്ച ജൻ ആശിർവാദ് യാത്രയിൽനിന്നും മുഖ്യമന്ത്രിയെ അകറ്റിനിർത്തി. തിങ്കളാഴ്ച ഭോപാലിൽ യാത്ര സമാപിച്ചപ്പോൾ ചൗഹാനെ വേദിയിലിരുത്തി സംസാരിച്ച മോദി മുഖ്യമന്ത്രിയുടെ ഭരണനേട്ടത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ബിജെപിയിലെ ഭിന്നിപ്പ് മുതലെടുക്കാനാണ് പ്രതിപക്ഷമായ കോൺഗ്രസിന്റെ ശ്രമം.