ദുബൈ : സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി നടൻ മമ്മുട്ടി. ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ തന്റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മുട്ടി
സിനിമക്കെതിരെ പ്രേക്ഷകർ മന:പൂർവം മന:പൂർവം മാർക്കിടാറില്ല. അതേസമയം സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകർ നടത്തേണ്ടത്. ഓരോരുത്തർക്കും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെതായി മാറുന്നത് ശരിയല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മുട്ടി പ്രതികരിച്ചു.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുതിയ സിനിമയുടെ റിലീസ് അടുക്കുമ്പോൾ തനിക്ക് പരിഭ്രമവും ആശങ്കയും ഉണ്ടാകാറുണ്ട്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന കുട്ടിയുടെ അവസ്ഥയാണതെന്നും മമ്മുട്ടി പറഞ്ഞു. റിലീസിനൊരുങ്ങുന്ന ‘കണ്ണൂർ സ്ക്വാഡിന്’ രണ്ടാം ഭാഗം വരാൻ സാധ്യതയുണ്ടെന്നും മമ്മുട്ടി വ്യക്തമാക്കി. കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ റോണി ഡേവിഡ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവർക്കു പുറമെ ഗ്ലോബൽ ട്രൂത്ത് സി.ഇ.ഒ അബ്ദുസ്സമദും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകൻ റോബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
നിരവധി പൊലീസ് കഥാപാത്രങ്ങളായി മമ്മൂട്ടി മലയാളത്തിൽ എത്തിയിട്ടുണ്ട്. യവനിക മുതൽ കണ്ണൂർ സ്ക്വാഡ് വരെ ഇരുപതോളം പൊലീസ് വേഷങ്ങൾ. കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ എത്തിയതുമുതൽ ഉണ്ടയിലെ മണി സാറിന്റെ മാനറിസങ്ങൾ ഉണ്ടെന്ന് തരത്തിൽ വ്യാക്യാനങ്ങൾ വന്നു. ഈ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.
”കഥാപാത്രങ്ങളുടെ ജോലികളിൽ സാമ്യതകളുണ്ടായാലും അതിനപ്പുറത്തേക്ക് അവ തമ്മിൽ യാതൊരു ബന്ധവുമില്ല. കഥകൾ മാറും. യഥാർത്ഥ കഥയ്ക്കൊപ്പം ഫിക്ഷനും ചേർത്താണ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്.”
നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
മമ്മൂക്കയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില് അണിനിരക്കുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.