കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുൻ സെക്രട്ടറി സി.കെ. ജില്‍സനേയും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച വൈകുന്നേരം നാലുവരെയാണ് കസ്റ്റഡി കാലാവധി.
മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ഒരു മണിക്കുര്‍ വിശ്രമം അനുവദിക്കണം. കുടുംബാംഗങ്ങളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കണം. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഈ സമയത്ത് ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ഇഡി മര്‍ദിച്ചുവെന്ന് പരാതി നല്കിയ വിവരം അരവിന്ദാക്ഷന് കോടതിയെ അറിയിച്ചിരുന്നു.കേസില്‍ കഴിഞ്ഞദിവസമാണ് അരവിന്ദാക്ഷനെയും ജില്‍സനെയും ഇഡി അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നും അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇഡി ചോദിച്ചറിയും. അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ 50 ലക്ഷം സ്ഥിരനിക്ഷേപം ഉണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ്കുമാര്‍ തന്നത് എന്നാണ് ഇഡി കണ്ടെത്തിയത്. ഇതില്‍ വ്യക്തത തേടും. അഞ്ച് കോടി രൂപാ ജില്‍സ് തിരിമറി നടത്തിയത് ആര്ക്കായിട്ടാണെന്നും ഇഡി ചോദിച്ചറിയും. ഇരുവരുടെയും ജാമ്യപേക്ഷ ഈ മാസം 30ന് കോടതി പരിഗണിക്കും. സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ അരവിന്ദാക്ഷന് എ.സി. മൊയ്തീന്റെ വിശ്വസ്തനായാണ് കണക്കാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.കെ. കണ്ണന് എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.