തൃശൂര്‍: അഞ്ചു മണിക്കൂര്‍ കാത്തു നിര്‍ത്തിയ ശേഷം മൂന്നു മിനിറ്റാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നയാളാണ് താനെന്നും കണ്ണന് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ ഇഡി തന്നെ മര്‍ദിച്ചിട്ടില്ല. മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും, അല്ലാത്തവരുമുണ്ട്. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷ കൊണ്ടും ഒക്കെ പീഡനമാവാം. തല്ലു മാത്രമല്ല പീഡനം. രണ്ടു മണി മുതല്‍ ഏഴു മണിവരെ ഒരു മനുഷ്യനെ വട്ടമിട്ടിരുത്തി, മൂന്നു മിനിറ്റ് ചോദ്യം ചെയ്യുന്നതിനെയൊക്കെ എന്താണ് പറയേണ്ടത്? അതാണ് ഇഡിയുടെ രീതി.
അറസ്റ്റിനെ ഭയക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നയാളാണ് താന്‍. അന്നു കോടതി പോലും ഉണ്ടായിരുന്നില്ല, ഇപ്പോള്‍ കോടതി ഉണ്ടല്ലോയെന്ന് കണ്ണന് പറഞ്ഞു. തനിക്കു ബിനാമി അക്കൗണ്ട് ഇല്ല. താന്‍ ആരെയും കാന്‍വാസ് ചെയ്ത് പണം നിക്ഷേപിച്ചിട്ടില്ലെന്നും എംകെ കണ്ണന് പറഞ്ഞു.
ഒരു ബാങ്കിന്റെ അക്കൗണ്ടില്‍ വരുന്ന പണം നോക്കുന്നത് പ്രസിഡന്റിനെ ഉത്തരവാദിത്തമല്ല. ഏതു ബാങ്കിലും ഇതാണ് രീതി. അതിനൊക്കെ മറ്റു സംവിധാനങ്ങളുണ്ട്. അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് തനിക്കറിയില്ല. ടാക്സി ഡ്രൈവര്‍ ആയ അരവിന്ദാക്ഷന് ഇത്രയും പണം നിക്ഷേപമുണ്ടെന്ന കാര്യത്തിലും അറിവില്ല. നാട്ടില്‍ റിയല്‍ എസ്റ്റേറ്റും മറ്റും നടത്തി ഒരുപാടു പേര് പണക്കാരായിട്ടുണ്ട്. അവിഹിതമായി അരവിന്ദാക്ഷന് പണമുണ്ടെങ്കില്‍ ഇഡി നടപടിയെടുക്കട്ടെ, തനിക്ക് ഇതില്‍ എന്താണ് ബന്ധമെന്ന് കണ്ണന് ചോദിച്ചു.
ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ തൊഴിലും വരുമാനവുമൊന്നും അന്വേഷിക്കാന്‍ പാര്‍ട്ടിക്കാവില്ല. ആക്ഷേപം പാര്‍ട്ടിയുടെ മുന്നില്‍ വരുമ്പോള്‍ പരിശോധിക്കും. ഇഡിക്കു ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ എകെ 47 തോക്കുമായി വരേണ്ട കാര്യം എന്താണ്? ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാവുന്നുണ്ട്, അന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടാക്കുന്നില്ലെന്നും കണ്ണന് പറഞ്ഞു.