ഇംഫാൽ: ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മണിപ്പുരിൽ വ്യാപക സംഘർഷം. കാണാതായ 17 വയസുള്ള പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയും കൊല്ലപ്പെട്ടെന്ന വിവരം ഇന്റർനെറ്റിലൂടെ പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർഥികൾ ഇംഫാലിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഉറിപോക്, ഓൾഡ് ലാംബുലെയ്ൻ, സിംഗ്ജമേയ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി.
സംഘർഷം രൂക്ഷമായതോടെ മണിപ്പുരിൽ വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു. അഞ്ച് മാസമായി തുടർന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ചിത്രങ്ങൾ പ്രചരിച്ചത്.ഇംഫാലിൽ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ സുരക്ഷാസേന ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ എന്നിവിടങ്ങളിലും സംഘർഷമുണ്ടായി.
ഇന്ന് രാവിലെയാണ് കാണാതായ വിദ്യാർഥികളുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവര്‍ ആയുധധാരികള്‍ക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ തല അറുത്ത് മാറ്റിയ നിലയിലാണ്. സുഹൃത്തുക്കളായ ഇരുവരെയും ജൂലൈയിലാണ് കാണാതായത്. ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.