പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ ക്രമക്കേടു സംബന്ധിച്ച് പത്തനംതിട്ട പോലീസ് എഫ്ഐആറിട്ട കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
ബാങ്കുമായി ബന്ധപ്പെട്ട മൈഫുഡ് റോളകര് കമ്പനിയിലേക്ക് ഗോതമ്പ് വാങ്ങിയതിലെ 3.94 കോടി രൂപയുടെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ കേസും ഏറ്റെടുത്തത്.
ബിനാമി വായ്പാ കേസില്‍ നിലവില്‍ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും പ്രതികളാണ്. ബാങ്ക് ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍കൂടി ഈ കേസില്‍ പ്രതികളാകാനിടയുണ്ട്.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് 10 പേര് വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരെല്ലാം കേസില്‍ പ്രതികളായേക്കും.
നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നല്‍കുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ഇതിനിടെ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുള്ള പരാതിയില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് തിങ്കളാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ജോഷ്വാ മാത്യുവിനെ തിരികെ ഹാജരാക്കിയതിനു പിന്നാലെ പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസിന്റെ അപേക്ഷ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച് രണ്ടുദിവസത്തെ കസ്റ്റഡിയിലും വിട്ടു. പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.