ഹാംഗ് ഷു: ഏഷ്യൻ ഗെയിംസ് ഫെൻസിംഗ് പോരാട്ടത്തിൽ റഫറി പക്ഷപാതപരമായ തീരുമാനങ്ങൾ സ്വീകരിച്ചതിനാൽ മെഡൽ നഷ്ടമായതായി ആക്ഷേപമുന്നയിച്ച് ഇന്ത്യൻ താരം ഭവാനി ദേവി.
ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചൈനയുടെ യാകി ഷാവോയോട് 7-15 എന്ന സ്കോറിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേവി ഈ ആരോപണം നടത്തിയത്. റഫറി മനഃപൂർവം തെറ്റായ തീരുമാനങ്ങൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ, സെമി ഫൈനൽ പ്രവേശനത്തിലൂടെ സ്വാഭാവികമായി ലഭിക്കേണ്ട വെങ്കല മെഡൽ താൻ സ്വന്തമാക്കിയേനെ എന്ന് താരം പറഞ്ഞു.
മത്സരത്തിന്റെ തുടക്കത്തിൽ തനിക്ക് ലഭിക്കേണ്ട നാല് പോയിന്റുകൾ ചൈനീസ് താരത്തിനാണ് റഫറി സമ്മാനിച്ചതെന്ന് ദേവി ആരോപിച്ചു. എതിരാളിയുടെ ശരീരത്തിൽ സേബർ(വാൾ) ഉപയോഗിച്ച് “ടച്ച്’ നടത്തുമ്പോഴാണ് ഫെൻസിംഗ് മത്സരത്തിൽ ഒരു പോയിന്റ് ലഭിക്കുക.
ഇത്തരത്തിൽ താൻ സ്വന്തമാക്കിയ പോയിന്റുകൾ ചൈനീസ് താരത്തിന് റഫറി നൽകിയെന്നും മത്സരത്തിന്റെ ആദ്യഭാഗത്ത് തന്നെ വൻ മാർജിനിൽ പിന്നിൽ പോയതിനാൽ ശ്രദ്ധ നഷ്ടമായെന്നും ദേവി പറഞ്ഞു. എന്നാൽ തോൽവിയെപ്പറ്റി ആലോചിച്ച് നിരാശപ്പെട്ടിരിക്കില്ലെന്നും പാരിസ് ഒളിംപിക്സിന് യോഗ്യത നേടാൻ പരിശ്രമം തുടരുമെന്നും താരം വ്യക്തമാക്കി.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ചരിത്രം കുറിച്ച താരമാണ് തമിഴ്നാട് സ്വദേശിയായ ഭവാനി ദേവി.