ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി വെല്ലുവിളിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.
“തീര്‍ച്ചയായും വെല്ലുവിളി സ്വീകരിക്കണം. ഇത് രണ്ട് ആളുകള്‍ തമ്മിലുള്ള കാര്യമാണ്. ഒരാള്‍ വെല്ലുവിളിച്ചാല്‍ മറ്റേയാള്‍ തീര്‍ച്ചയായും ആ വെല്ലുവിളി സ്വീകരിക്കണം.’ ഠാക്കൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ മത്സരിക്കുന്നതിനു പകരം ഹൈദരാബാദില്‍ മത്സരിക്കാന്‍ ഒവൈസി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചത്.
ഈ മാസം ആദ്യം രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസ്താവനയില്‍ എഐഎംഐഎമ്മിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.
തെലുങ്കാനയില്‍ ബിജെപിയും, ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസും എഐഎംഐഎമ്മും ഒരുമിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
പിന്നീട് തെലുങ്കാനയിലെ തുക്കുഗുഡയില്‍ നടത്തിയ ഒരു റാലിയിലും ഒവൈസിയുടെ പാര്‍ട്ടിയെ രാഹുല്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന ഈ സാഹചര്യത്തിലും ചന്ദ്രശേഖര്‍ റാവുവിനും എഐഎംഐഎം നേതാക്കള്‍ക്കും എതിരേ യാതൊരു കേസുമില്ലാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ സ്വന്തം ആളുകളായി പരിഗണിക്കുന്നതിനാലാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.