തിരുവല്ല : സി.പി.എം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപനത്തിൽ സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തെ തുടർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊടിയാടി ജങ്ഷനിൽ തിരുവല്ല – അമ്പലപ്പുഴ റോഡ് ഉപരോധിച്ചു. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.
എൻ.ആർ.ഇ.ജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വാഹനജാഥ 5.45 ഓടെ പൊടിയാടി ജംഗ്ഷനിൽ എത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പായി കോൺഗ്രസിന്റെ ഉപവാസ സമരപ്പന്തലിന് സമീപമായി എൻ.ആർ.ഇ.ജിയുടെ വാഹനജാഥ നിർത്തി പ്രസംഗം ആരംഭിച്ചു. കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇടത് നേതാക്കൾ ഉച്ചഭാഷിണിയിലൂടെ പ്രസംഗം തുടർന്നതോടെ അത് നിർത്തിവയ്ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് ഇതിന് തുനിയാതെ വന്നതോടെയാണ് തിരുവഞ്ചൂരും പ്രവർത്തകരും റോഡ് ഉപരോധിച്ചത്. ഇതിനിടെ ഡി.വൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ തുനിഞ്ഞതോടെ സംഭവത്തിൽ തിരുവഞ്ചൂർ ഇടപെട്ടു. ഡി.വൈ.എസ്.പിയുമായി വാക്കേറ്റം ഉണ്ടായി. പൊലീസ് സി.പി.എമ്മിന് കുടപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അത് ചോദ്യം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നീക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.