ന്യൂഡല്‍ഹി : ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന് അവസാന നിമിഷം വീസ അനുവദിച്ച് ഇന്ത്യന്‍ ഗവണ്മെന്റ്. ഐസിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. ദുബായ് വഴി ഹൈദരാബാദിലാണ് പാക് ടീം എത്തുക. വീസ വൈകുന്നതില്‍ ആശങ്കയറിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിയ്ക്ക് കത്തയച്ചിരുന്നു.
ഇതുകൂടാതെ ലോകകപ്പിന്റെ മുന്നൊരുക്കമായി യുഎഇയില്‍ സന്ദര്‍ശനം നടത്താനുള്ള പാക് ടീമിന്റെ പദ്ധതി ഇന്ത്യന്‍ വീസാ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
പാക് ടീമംഗങ്ങള്‍ക്ക് വീസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിച്ചുവെന്നും വീസാ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു.