കൊച്ചി : പീഡനപരാതിയിൽ വ്ളോഗർ ഷാക്കിർ സുബ്ഹാൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലുട്രാവലർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം നിയമപരമായി നേരിടുമെന്ന് ഷാക്കിർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് ഷാക്കിറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഏതെങ്കിലും കാരണത്താൽ ഷാക്കിർ നാട്ടിലേക്ക് വരികയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് കടക്കും ഇത് ഒഴിവാക്കാനുള്ള നടപടിയായാണ് മുൻകൂർ ജാമ്യാപേക്ഷ. അഭിഭാഷകൻ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
തനിക്കെതിരായ പീഡനാരോപണം വെറും ആരോപണം മാത്രമാണ്. പരാതിക്കാരിക്ക് മറ്റു ചില നേട്ടങ്ങൾക്ക് വേണ്ടിയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നാണ് ഷാക്കിറിന്റെ ആരോപണം. ഇന്നോ നാളെയോ ജാമ്യപേക്ഷ ജില്ലാ കോടതി പരിഗണിക്കും.