ന്യൂഡല്‍ഹി : ബിജെപി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. പ്രധാനമന്ത്രിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ നടപടിയെടുക്കണം അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ബിധുരിയുടെ അധിക്ഷേപ പ്രസംഗത്തിന് പിന്നാലെ, ഡാനിഷ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്നാരോപിച്ച ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തുവന്നിരുന്നു.
സഭയ്ക്കകത്ത് ബിജെപി തന്നെ വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തുവെച്ചും ആക്രമിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഡാനിഷ് അലി ആരോപിച്ചു. പ്രധാനമന്ത്രിയെ താന്‍ ആക്ഷേപിച്ചെന്ന ദുബെയുടെ ആരോപണം സത്യമാണെങ്കില്‍ അതിന്റെ ദൃശ്യങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം വെല്ലുവിളിച്ചു.
പ്രധാനമന്ത്രിക്കെതിരെ ഡാനിഷ് അലി മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിഷികാന്ത് ദുബെ നേരത്തേ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തയച്ചിരുന്നു. ഡാനിഷ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചതാണ് ബിധുരിയെ പ്രകോപിപ്പിച്ചതെന്നും കത്തില്‍ പറയുന്നു. അതേസമയം, രമേശ് ബിധുരിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശത്തില്‍ ദുബെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ദുബെയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഡാനിഷ്, യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്ന് പറഞ്ഞു. ഡാനിഷ് അലിയെക്കുറിച്ച് തീവ്രവാദി എന്നടക്കമുള്ള പദങ്ങള്‍ ഉപയോഗിച്ച് ബിധുരി സഭയില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. പിന്നിലിരിക്കുകയായിരുന്ന മുന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധനും രവിശങ്കര്‍ പ്രസാദും ഇതുകേട്ട് ചിരിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ലോക്സഭയില്‍ വ്യാഴാഴ്ച രാത്രി ചന്ദ്രയാന്‍ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. വിഷയത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.