ബംഗളൂരു : കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇറച്ചി കൊണ്ട് വന്ന വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ കത്തിച്ച ശ്രീരാമസേനയിലെ 14 അംഗങ്ങളും അറസ്റ്റിലായിട്ടുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആന്ധ്രപ്രദേശിൽ നിന്ന് അഞ്ചു വാഹനങ്ങളിലായാണ് ഇറച്ചി കൊണ്ടുവന്നത്. ഒരു കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട് . ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.അനധികൃതമായി പോത്തിറച്ചി കടത്തിക്കൊണ്ടുവന്നെന്നാണ് ശ്രീരാമ സേന പ്രവർത്തകരുടെ ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.