ഇന്‍ഡോര്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ലോകകപ്പ് പടിവാതില്ക്കല് നില്‍ക്കെ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. മിന്നും ഫോം തുടരു ശുഭ്മാന്‍ ഗില്ലും ശതകം പിന്നിട്ടു കുതിക്കുന്നു. ഇരുവരുടേയും ഉജ്ജ്വല ബാറ്റിങ് മികവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍. മത്സരം 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ടോപ് ഗിയറില്‍.
ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് 90 പന്തില്‍ 105 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 11 ഫോറും മൂന്ന് സിക്സും ഇന്നിങ്സിനു മാറ്റേകി. ഏകദിനത്തില്‍ ശ്രേയസ് നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്.
ശ്രേയസ് പുറത്തായതിനു പിന്നാലെ ശുഭ്മാന്‍ സെഞ്ച്വറി തികച്ചു. താരത്തിന്റെ ആറാം ഏകദിന ശതകം. 93 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 101 റണ്‍സെടുത്താണ് ഗില്ലിന്റെ സെഞ്ച്വറി. ശ്രേയസ്- ഗില്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. ഗില്ലിനൊപ്പം ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഒന്‍പത് റണ്‍സുമായി ക്രീസില്‍.
ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. രണ്ടാം വിക്കറ്റ് ഇന്ത്യക്ക് 216 റണ്‍സില്‍ നില്‍ക്കെയാണ് നഷ്ടമായത്. ശ്രേയസിനെ സീന്‍ അബ്ബോട്ട് മടക്കി.
ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി.