കോട്ടയം : പൊലിസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി. കോട്ടയം നാട്ടകത്ത് ശനിയാഴ്ച ജില്ലാ പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്. പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം. സമീപത്തുള്ള ഉള്ളാട്ടിൽ എന്ന വീട്ടിലേക്കാണ് വെടിയുണ്ട തുളച്ചുകയറിയത്. ഈ സമയത്ത് മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു.
എറണാകുളം സ്വദേശി സോണിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ സോണിയുടെ ഭാര്യ ജിൻസിയും മക്കളായ അൽക്കയും ആത്മികയും വീട്ടിലുണ്ടായിരുന്നു. ജനചില്ല് തുളച്ചാണ് വെടിയുണ്ട് വീടിനുള്ളിൽ പതിച്ചത്. ശബ്ദംകേട്ട് ഇതേ മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന അൽക്ക അമ്മയോട് വിവരംപറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ജനൽ ചില്ല് പൊട്ടിയത് കാണുന്നത്. മുറിക്കുള്ളിൽ വെടിയുണ്ടയും കണ്ടെത്തി.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽനിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലിൽ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അനുമതിയില്ലാതെയാണ് പൊലീസിന്റെ പരിശീലനമെന്നും നിർത്തിവയ്ക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.