കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പുതുപ്പള്ളിയില്‍ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട. താന്‍ ഒന്നും ക്രഡിറ്റിന് വേണ്ടി ചെയ്യന്നതല്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും അത് ഇനിയും ചെയ്യുമെന്നും സുധാകരന് പറഞ്ഞു. വിഡി സതീശനുമായി ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പുമില്ല. തങ്ങള്‍ തമ്മില്‍ തര്‍ക്കവുമില്ല. നല്ല സൗഹൃദത്തിലാണ് ആന്നും ഇന്നും. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധാകരന് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് കെപിസിസിയുടെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സുധാകരന് പറഞ്ഞു. രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരന് വ്യക്തമാക്കി.
‘മുന്നണി സംവിധാനത്തില്‍ തീരുമാനമെടുക്കാന്‍ നേതാക്കളുണ്ട്. അത് ചര്‍ച്ച ചെയ്യാം. പക്ഷെ രാഹുല്‍ ഗാന്ധി മത്സരിക്കണ്ട എന്നു പറയുന്നത് തികഞ്ഞ അന്യായമാണ്. അധാര്‍മ്മികമാണ്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നതാണ്. കോണ്‍ഗ്രസിന്റെ അഭിപ്രായം അതാണ്. ഇന്നലെപ്പോലും ഇക്കാര്യം കെസി വേണുഗോപാലിനോട് അഭ്യര്‍ഥിച്ചിരുന്നു’- കെ സുധാകരന് പറഞ്ഞു.