തിരുവനന്തപുരം : ഇന്‍കെല്‍ സോളാര്‍ കരാറിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉപകരാര്‍ അടക്കമുള്ള എല്ലാ ആരോപണങ്ങളും പരിശോധിക്കാന്‍ ഊര്‍ജവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും.ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.
കെഎസ്ഇബിയുടെ സൗരോര്‍ജ പദ്ധതിയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിനു കീഴിലെ ഇന്‍കെലിനു ലഭിച്ച കരാര്‍ മറിച്ചുകൊടുത്തെന്നാണ് ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ആദ്യമായി രൂപീകരിച്ച കമ്പനിയാണ് ഇന്‍കെല്‍. പാലക്കാട് കഞ്ചിക്കോട്ടും എറണാകുളം ബ്രഹ്മപുരത്തുമായി ഏഴു മെഗാവാട്ട് പ്ലാന്റ് സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ പദ്ധതിയാണ് ഇന്‍കെലിനെ ഏല്പിച്ചിരുന്നത്. എന്നാല്‍ 2020 ജൂണില്‍ ഈ കരാര്‍ തമിഴ്നാട്ടിലെ കമ്പനിക്കു മറിച്ചുകൊടുത്തെന്നും കൈമാറലില്‍ അഴിമതിയുണ്ടന്നുമാണ് ആക്ഷേപം.
പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ഇന്‍കെല്‍ ജനറല്‍ മാനേജരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പുനരുപയോഗ ഊര്‍ജ വിഭാഗത്തിലെ ജനറല്‍ മാനേജര്‍ സാം റൂഫസിനെയാണ് എംഡി ഡോ.കെ.ഇളങ്കോവന് സസ്പെന്‍ഡ് ചെയ്തത്.