തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഇഡി അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേട് സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുണ്ട്. ഇഡി അന്വേഷണത്തിന്റെ ഭാഗമായി ഈ തട്ടിപ്പിന് പിന്നില്‍ പാര്‍ട്ടി നേതൃത്വമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്ന് ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ട് ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. തെളിവ് ഉണ്ടാക്കുന്നതിന് വേണ്ടി ചിലയാളുകളെ ചോദ്യം ചെയ്യുകയാണ്. എസി മൊയ്തീന്റെ പേര് പറയണമെന്നാണ് ഇവരോട് ഇഡി ആവശ്യപ്പെടുന്നത്. മൊയ്തീന് ചാക്കില്‍ക്കെട്ടി പണവുമായി പോകുന്നത് കണ്ട് എന്നുപറയുമെന്നാണ് അവര്‍ ആജ്ഞാപിക്കുന്നത്. ഇല്ലെങ്കില്‍ പുറംലോകം കാണില്ലെന്നാണ് പറയുന്നത്. കൗണ്‍സിലര്‍ അരവിന്ദനോട് പറഞ്ഞത് നിന്റെ മകളുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നില്ലെന്നാണ്. എന്നിട്ട് അയാള്‍ക്ക് മേല്‍ ഇഡി തന്നെ ബലപ്രയോഗം നടത്തുക. ഇത് ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. ഉത്തേരന്ത്യയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുള്‍പ്പടെ നടത്തുന്ന കൂട്ടായ ശ്രമമായാണ് ഇതിനെ കാണുന്നത്. യഥാര്‍ഥത്തില്‍ ഇടതുപക്ഷത്തിനെയും സഹകരണമേഖലയെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും ഗോവിന്ദന് പറഞ്ഞു.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കള്ള പ്രചാരണവേലയാണ് നടക്കുന്നത്. സഹകരണമേഖലയിലെ ഇഡി പരിശോധനയും ഇത്തരമൊരു നിലപാടിന്റെ ഭാഗമായാണ് ഉണ്ടാവുന്നത്. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്കിയ മേഖലയാണ് സഹകരണ മേഖല. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തില്‍ സഹകരണപ്രസ്ഥാനം ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഇതിനായാണ് അമിത് ഷായുടെ ശ്രമം. സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടാണ് ഒരുഘട്ടത്തില്‍ സഹകരണ പ്രസ്ഥാനം പിടിച്ചുനിന്നതെന്നും ഗോവിന്ദന് പറഞ്ഞു.
സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനുളള ഫ്രലപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കണം. മണ്ഡലാടിസ്ഥാനത്തിലുള്ള ബഹുജനസദസ് വന്‍ വിജയമാക്കുന്നതിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു.