കൊച്ചി: കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ. . തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷൽ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായി. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ഓപ്പറേഷണൽ ലാഭത്തിലെത്താൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.
2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർദ്ധനവ് മാത്രമാണ് പ്രവർത്തന ചെലവിൽ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു
2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയർ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർദ്ധനവാണിത്. നോൺ ഫെയർ ബോക്സ് വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്.നോൺ ഫെയർ ബോക്സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു. അതായത് ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനങ്ങൾ കൂട്ടുമ്പോൾ 2020-21 വർഷത്തിലെ ഓപ്പറേഷണൽ റവന്യു 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. 145 ശതമാനം വളർച്ചയാണിത്.
സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.
കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി.
സംസ്ഥാന സർക്കാരാണ് ലോണുകളും മറ്റ് നികുതികളും അടയ്ക്കുന്നത്. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യു വർദ്ധിപ്പിക്കുക വഴി കൂടുതൽ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സർക്കാരിനെ സഹായിക്കുവാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുമ്പോൾ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യുവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നത് ഉറപ്പാണ്.