ചണ്ഡീഗഡ്: ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. സായുധരായ നാലംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പാനിപ്പത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം.
കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളെ കെട്ടിയിട്ടു. തുടര്‍ന്ന് മൂന്ന് സ്ത്രീകളെ പീഡിപ്പിച്ചു എന്നതാണ് കേസ്. കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു ലൈംഗികാതിക്രമം. പ്രതികള്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതായും പൊലീസ് പറയുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ച് മറ്റൊരു സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവിനെ കൊള്ളയടിച്ചതായും പൊലീസ് പറയുന്നു. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.