തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വടക്കന്‍ ജില്ലകളിലാണ് മഴക്ക് സാധ്യതയെന്നും അറിയിപ്പിലുണ്ട്. വ്യാഴാഴ്ച മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി അതിശക്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ- ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തെക്കൻ രാജസ്ഥാന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് കാരണം. തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴ ശക്തമാകും. മലയോര മേഖലകളിൽ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ യെല്ലോ അലേർട്ടിന് സമാനമായി പെയ്യുന്ന ശക്തമായ മഴയാണ് മദ്ധ്യ, തെക്കൻ ജില്ലകളിൽ ലഭിക്കുന്നത്.
വ്യാഴാഴ്ച കോട്ടയത്ത് കനത്ത മഴ ലഭിച്ചു. കോട്ടയത്തെ കിഴക്കന്‍ മലയോര മേഖലയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്തു. മീനച്ചിലാറിന്റെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജില്‍ വെളിക്കുളം സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനാല്‍ ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. മഴ തുടരുന്നതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.