കൊച്ചി : ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ വിജയത്തുടക്കം. ചിര വൈരികളായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഐഎസ്എല്‍ പത്താം സീസണിന് കൊന്പന്മാർ തുടക്കം കുറിച്ചത്.
52-ാം മിനിറ്റിൽ ബംഗളൂരു പ്രതിരോധ താരത്തിന്റെ സെൽഫ് ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. കെസിയ വീൻഡോർപിന്റെ പിഴവാണ് കേരളത്തിന് ലീഡ് നൽകിയത്.
69-ാം മിനിറ്റിൽ കേരളത്തിന്റെ നായകൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് വർധിപ്പിച്ചു. ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ലൂണ ഗോൾ നേടിയത്.
89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ പിഴവിൽ നിന്നാണ് ബംഗളൂരു ഒരു ഗോൾ മടക്കിയത്. കർട്ടിസ് മെയിനാണ് ബംഗളൂരുവിനായി ഗോൾ നേടിയത്.
കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ബംഗളൂരുവും കേരള ഗോൾ മുഖത്ത് പരിഭ്രാന്തി പരത്തിയിരുന്നു.
ഒൻപതാം സീസണിലെ പ്ലേ ഓഫില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കാലം കാത്തുവച്ച കാവ്യ നീതി പോലെയായി ബ്ലാസ്റ്റേഴ്സിന്റെ വിജയം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു.
ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ച് ഇന്ന് പുറത്തിരിക്കുകയായിരുന്നു