തൃശ്ശൂര്‍ : കൊടുങ്ങല്ലൂരില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി. സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ നിന്ന് അറുപത് പവനോളം സ്വര്‍ണം കാണാതായെന്നാണ് പരാതി. എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറുള്ളത്. ബംഗളൂരുവില്‍ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ഇവര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചത്.
സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോല്‍ ഇടപാടുകാരന്റെ കൈവശവും മാസ്റ്റര്‍ കീ ബാങ്കിലും മാത്രമാണ് ഉണ്ടാവുക. ഈ രണ്ടു താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കര്‍ തുറക്കാനാവുകയുള്ളു. സംഭവത്തില്‍ ബാങ്ക് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.