കൊച്ചി: നെടുമ്പാശേരി കരിയാട് ബേക്കറി ഉടമയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യും. ഗ്രേഡ് എസ്ഐ പി.എസ്.സുനില്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കുക. മര്‍ദനമേറ്റയാളുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്. കോഴിപ്പാട്ട് കൂൾ ബാർ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്ഐ കുടുംബത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്. വൈദ്യപരിശോധനയിൽ എസ്ഐ മദ്യ ലഹരിയിലായിരുന്നു എന്ന് തെളിഞ്ഞതോടെ ഇയാൾക്കെതിരെ കേസെടുക്കുമെന്നും ആലുവ റൂറൽ എസ്പി വ്യക്തമാക്കി. അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തേക്കും.
കൺട്രോൾ റൂം വാഹനത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്ഐ ഇതേ വാഹനത്തിൽ ഡ്രൈവർക്കൊപ്പമാണ് കടയിൽ എത്തിയത്. തുടർന്ന് കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, പത്തു വയസുകാരിയായ മകൾ, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകൾക്കും ബൈജുവിനും പരുക്കേറ്റു. തുടർന്ന് ഇവർ അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കരിയാട്ടിൽ കത്തിക്കുത്തു നടക്കുന്നതായി വിവരം ലഭിച്ചെത്തിയതാണെന്ന് മർദനത്തിനിടെ എസ്ഐ പറയുന്നുണ്ടായിരുന്നെന്ന് എൽബി പറഞ്ഞു. സംഭവത്തെ തുടർന്ന് നാട്ടുകാർ എസ്ഐയെ തടഞ്ഞുവച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എസ്ഐ എന്ന് നാട്ടുകാർ ആരോപിച്ചു. നെടുമ്പാശ്ശേരി പൊവീസ് എത്തി എസ്ഐയെ കസ്റ്റഡിയിലെടുത്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്.