തിരുവനന്തപുരം: തനിക്ക് നേരെ ജാതീയ വേർതിരിവ് നടത്തിയിട്ടില്ലെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം തള്ളി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ.ക്ഷേത്രത്തിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ആണ് ഉദ്ഘാടനച്ചടങ്ങിനിടെ വിളക്ക് നിലത്തുവച്ച് കൈമാറിയതെന്ന വിശദീകരണം മന്ത്രി തള്ളി.
ക്ഷേത്രത്തിലെത്തുന്ന പൂജാരി ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല എന്ന പ്രസ്താവനയോട്, ബാക്കി ആളുകളെ അദ്ദേഹം തൊട്ടില്ലേയെന്നും അവരുടെ പക്കൽ നിന്ന് പണം വാങ്ങാറില്ലേയെന്നും മന്ത്രി ചോദിച്ചു.ആചാരപ്രകാരമുള്ള കാര്യമാണെങ്കിൽ പൂജയ്ക്കിടെ പൂജാരിക്ക് പുറത്തിറക്കാൻ സാധിക്കുമോ? ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ?. അങ്ങനെയെങ്കില്‍ അമ്പലം മുഴുവന്‍ ശുദ്ധി കലശം നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു.
അവിടെ വെച്ച് പൂജാരിക്ക് പൈസ കിട്ടിയാല്‍ അത് അമ്പലത്തിലേക്ക് കൊണ്ടുപോകില്ലേ. പൈസ കൊണ്ടുപോകുമ്പോള്‍ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ട്. അത്തരക്കാര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതു സമ്മതിക്കില്ല എന്നു പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാകണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണന് പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താനാണ് മറ്റുള്ളവരെ സ്പര്‍ശിക്കാത്തതെന്ന് വാദം ഉന്നയിക്കുമ്പോള്‍, അങ്ങനെയെങ്കില്‍ അവര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പാടുണ്ടോ. പുറത്തിറങ്ങിയശേഷം അകത്തേക്ക് പോകാനും പാടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇത് ആരെങ്കിലുമായും വഴക്കുണ്ടാക്കാനല്ല പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടന്ന സംഭവമാണ് ഇത്. ഇപ്പോള്‍ ഇതു പറയാന്‍ പ്രേരിപ്പിച്ചത് കോട്ടയത്ത് ഒരു സമുദായസംഘടനയുടെ സമ്മേളനത്തില്‍ പോയപ്പോഴാണ്. ആനുകൂല്യങ്ങളുടെ വര്‍ധനവിനെക്കുറിച്ച് അവര്‍ ആവശ്യമുന്നയിച്ചു. അപ്പോഴാണ് ആനുകൂല്യം കൊണ്ടു മാത്രം പ്രശ്നം പരിഹരിക്കുന്നില്ലെന്നും, രാജ്യത്ത് നടക്കുന്ന വിവേചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ജാതി വ്യവസ്ഥയുടെ ദുരന്തങ്ങള്‍ അടുത്തകാലത്തായി കൂടുകയാണെന്നും മന്ത്രി രാധാകൃഷ്ണന് പറഞ്ഞു.