ന്യൂഡല്‍ഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്ജുന് സിങ് മേഘ്വാള് ലോക്സഭയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമ നിര്‍മാണമായാണ്, 128ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.
വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ലോക്സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്ജുന് സിങ് മേഘ്വാള് പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാരീശക്തി വന്ദന്‍ അധിനിയം എന്നാണ് ബില്ലിനു പേര്.ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്കു സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണ്. വനിതകള്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമെന്നും അതു നിയമ നിര്‍മാണ പ്രക്രിയയുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. എസ് സി, എസ്ടി വിഭാഗത്തിന് വനിതാ സംവരണത്തില്‍ ഉപ സംവരണമുണ്ടാവും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാനിടയില്ല. 1996 മുതല്‍ പലവട്ടം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയമായെങ്കിലും ബില്‍ ഇതുവരെ പാര്‍ലമെന്റ് കടന്നിരുന്നില്ല. 2010ല്‍ രാജ്യസഭ പാസാക്കിയ ബില്‍ പിന്നീട് ലോക്സഭയില്‍ എത്തിയില്ല. വിവിധ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പാണ് ബില്ലിനു വിലങ്ങുതടിയായത്.