ന്യൂഡല്‍ഹി : കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. കോടതി വിധി വന്നതിന് ശേഷം സ്പീക്കര്‍ എന്തെടുക്കുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. തീരുമാനം അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മെയ് പതിനൊന്നിനാണ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര നിയമസഭ സ്പീക്കറോട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ 6 എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ തീരുമാനം അനന്തമായി നീളുകയാണ് എന്ന് കാണിച്ച് ശിവസേന ഉദ്ധവ് പക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രഡൂഢ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്പീക്കര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മറക്കരുത്. മറ്റു ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്പീക്കര്‍ സ്ഥാനത്തെ അപഹാസ്യപ്പെടുത്താന്‍ കഴിയില്ല. സ്പീക്കര്‍ സ്ഥാനത്തിന്റെ മാന്യത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.