ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധന്‍കറും തമ്മില്‍ വാക്പോര്.
ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം സംവിധാനത്തിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ച് ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷമില്ലാത്തത് ശരിയായ കാര്യമല്ല. ഇപ്പോള്‍ ഇവിടെ ശക്തമായ ഒരു പ്രതിപക്ഷമുണ്ട്. എന്നാല്‍ അവരെ ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളെക്കൊണ്ട് ദുര്‍ബലപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. ഈ ഏജന്‍സികളെയെല്ലാം സ്വന്തം പാര്‍ട്ടിയിലോട്ട് എടുത്തിട്ട് അവരെ വാഷിംഗ് മെഷീനില്‍ കയറ്റി വെളുപ്പിച്ചെടുത്ത് സ്വന്തമാക്കുക എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കെന്നും ഖാര്‍ഗെ പറഞ്ഞു.
വല്ലപ്പോഴും മാത്രം പാര്ലമെന്റിലോട്ടു വരുന്ന പ്രധാനമന്ത്രി അതൊരു വന്സംഭവമാക്കിയ ശേഷം പോകാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. താന്‍ അസംബ്ലിയിലേക്കും പാര്‍ലമെന്റിലേക്കും യാത്ര തുടങ്ങിയിട്ട് 52 വര്‍ഷമായെന്നും എന്നാല്‍ തനിക്ക് അനുവദിക്കപ്പെടുന്ന സമയം വളരെ കുറവാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. രാജ്യസഭയില്‍ ഖാര്‍ഗെ തന്റെ പ്രസംഗത്തിനിടെ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചെയര്മാന് ജഗ്ദീപ് ധൻകര്‍ ഇതിനെ എതിര്‍ക്കുകയും വിഷയത്തില്‍ നിന്ന് വ്യതിചലിക്കാനാണ് ഖാര്‍ഗെ ശ്രമിക്കുന്നതെന്ന് പറയുകയും ചെയ്തു.
അതേസമയം ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് ചെയര്‍മാനോട് ആവശ്യപ്പെട്ടു. രാജ്യസഭയില്‍ വിവിധ സെഷനുകളില്‍ നടന്ന തടസങ്ങളുടെ എണ്ണത്തെക്കുറിച്ച് പ്രതികരിച്ച ധന്‍കര്‍ ചെയര്‍ തീരുമാനത്തെ ‘അനാദരിക്കുന്നതില്‍’ പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി രാവിലെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യോഗം ചേര്‍ന്നിരുന്നു. പ്രതിഷേധത്തോടെ സഹകരിക്കുമെന്ന് മുന്നണി വ്യക്തമാക്കുകയും ചെയ്തിരുന്നു.