തൃശൂര്‍: അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പടെ ഒന്‍പത് ഇടങ്ങളിലാണ് രാവിലെ ഒന്‍പത് മണി മുതല്‍ പരിശോധന ആരംഭിച്ചത്.കരുവന്നൂര്‍ കേസ് പ്രതി സതീഷ്കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അയ്യന്തോള്‍ ബാങ്കില്‍ സതീഷ്കുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന നാല് അക്കൗണ്ടുകള്‍ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായി ഇഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
2013 മുതല്‍ 2023 വരെയുള്ള കാലത്ത് നടത്തിയ ഇടപാടുകളാണ് ഇഡി പരിശോധിച്ചത്. ഒരു ദിവസം 50000 രൂപ വച്ച് 25ല്‍ ഏറെ തവണ ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഈ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. കരിവന്നൂരിന് പിന്നാലെ സതീഷ്കുമാര്‍ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളെ മറയാക്കി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി ഇക്കാര്യം പരിശോധിച്ചത്.