കൊച്ചി : വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. താൻ ജയിലിൽ അല്ലെന്നും ദുബായിലാണ് എന്നുമാണ് ഷിയാസ് വിഡിയോയിൽ പറഞ്ഞത്.
എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം. – എന്ന് ഷിയാസ് വിഡിയോയിൽ പറഞ്ഞു. മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.
വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിയെ വിവാഹ വാദ്ഗാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു എന്നാണ് ഷിയാസിനെതിരായ പരാതി. പല തവണകളായി 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പീഡന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങൾ ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.