ഇംഫാൽ : മണിപ്പുരിൽ അവധിക്കായി വീട്ടിലെത്തിയ സൈനികനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ താരുംഗ് സ്വദേശിയായ ഡിഫൻസ് സെക്യൂരിറ്റി കോർ ശിപായി സെർതോ താംഗ്താംഗ് കോം(41) ആണ് കൊലപ്പെട്ടത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് തോക്കുധാരികളായ പത്തംഗസംഘം കോമിനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കോമിന്റെ തലയിൽ തോക്ക് വച്ച് ഭീഷണിപ്പെടുത്തിയാണ് അക്രമികൾ കടത്തിയതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ മകൻ അറിയിച്ചു.
തുടർന്ന് ഇന്ന് വൈകിട്ടോടെ മോംഗ്ജാംഗ് മേഖലയിലെ ഖുനിംഗ്ഥെക് ഗ്രാമത്തിൽ നിന്ന് കോമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
കോമിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും പ്രദാനം ചെയ്യുമെന്നും സൈന്യം അറിയിച്ചു.